സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ മരണത്തിന് പിന്നിലെ മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോളേജിലെ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനൊരുങ്ങുന്ന പോലീസ്, ഉടന്‍ തന്നെ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ മരണത്തിന് പിന്നിലെ മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.അതേസമയം, നിലവിലെ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലെന്ന് നിതിന്‍ രാജിന്റെ കുടുംബം വ്യക്തമാക്കി. തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നുമാണ് പിതാവ് രാജന്‍ ആരോപിക്കുന്നത്. മകന്റെ മരണശേഷം കോളേജ് അധികൃതരോ സഹപാഠികളോ വീട്ടിലെത്താതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കില്‍ കോളേജ് അധികൃതര്‍ തങ്ങളെ അറിയിക്കണമായിരുന്നുവെന്ന് നിതിന്റെ സഹോദരി നികിതയും പ്രതികരിച്ചു. വീട്ടുകാരുടെ അറിവോടെയുള്ള ഇടപാടുകളായിരുന്നു അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.വിഷയത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി, നിതിന്റെ കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം നിതിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം, പോലീസ് നല്‍കുന്ന വിവരങ്ങളും കുടുംബം പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. അധ്യാപകര്‍ നിതിനെ മാനസികമായി പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. നിലവില്‍ സസ്പെന്‍ഷനിലുള്ള അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കള്‍.