നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ കോളേജ് തലത്തില്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി ഡോ. റാമിന്റെ ക്രൂരമായ മാനസിക പീഡനമാണ് മകന്റെ മരണത്തിന് ഇടയാക്കിയതെന്ന് നിതിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരില്‍ എച്ച്ഒഡി നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജന്‍ പറഞ്ഞു. ”പുഴുത്ത പട്ടി” എന്ന് വിളിച്ചാണ് അധ്യാപകന്‍ മകനെ ആക്ഷേപിച്ചിരുന്നതെന്ന് അമ്മ ലത വിങ്ങലോടെ പങ്കുവെച്ചു.പഠനത്തില്‍ മിടുക്കനായിരുന്ന നിതിന്റെ ഇന്റേണല്‍ മാര്‍ക്ക് മനഃപൂര്‍വ്വം കുറയ്ക്കുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. അധ്യാപകന്റെ കുടുംബപ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളോട് തീര്‍ക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും ആരോപണമുയരുന്നു. കൂടാതെ, കോളേജില്‍ ചേര്‍ന്ന സമയം മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിതിന്‍ കടുത്ത റാഗിങ്ങ് നേരിട്ടിരുന്നതായും കുടുംബം വെളിപ്പെടുത്തി.മരണവിവരം അറിയിക്കുന്നതില്‍ കോളേജ് അധികൃതര്‍ കാണിച്ച അനാസ്ഥയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണെന്നും പരിക്കേറ്റെന്നും മാത്രമാണ് അധ്യാപിക വിളിച്ച് അറിയിച്ചത്. മകന്‍ മരിച്ച വിവരം ടിവി വാര്‍ത്തകളിലൂടെയും ബന്ധുക്കള്‍ വിളിച്ചപ്പോഴവുമാണ് മാതാപിതാക്കള്‍ അറിഞ്ഞത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.