അരീക്കുണ്ട് സ്വദേശി അന്‍സാര്‍, ഭാര്യ സുഹാദ, അന്‍സാറിന്റെ സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് അപകടത്തില്‍പ്പെട്ടത്
നാദാപുരം: നാദാപുരത്തിന് സമീപം പുളിയാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അരീക്കുണ്ട് സ്വദേശി അന്‍സാര്‍, ഭാര്യ സുഹാദ, അന്‍സാറിന്റെ സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഏപ്രില്‍ 12 വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം.പുഴയില്‍ തുണി അലക്കാനായി എത്തിയതായിരുന്നു കുടുംബം. ഇതിനിടെ പുഴയിലിറങ്ങിയ കുട്ടി അപ്രതീക്ഷിതമായി കയത്തില്‍ അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അന്‍സാറും സുഹാദയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് വിദഗ്ധ സംഘമെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുഴയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തന്നെ മൂവരും മരണപ്പെട്ടിരുന്നതായാണ് വിവരം.മൃതദേഹങ്ങള്‍ നിലവില്‍ നാദാപുരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവാര്‍ത്തയറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഒരേ കുടുംബത്തിലെ മൂന്നുപേരുടെ അപ്രതീക്ഷിത വിയോഗം അരീക്കുണ്ട് ഗ്രാമത്തെ ഒന്നടങ്കം ശോകമൂകമാക്കിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.