ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് തെയ്യംകെട്ട് :വായനാട്ടുകുലവന്റെ തിരുമുടി നിവര്‍ന്നു; മറപിളര്‍ക്കലോടെ തെയ്യംകെട്ടിന് സമാപനം

ചേറ്റുകുണ്ട്: ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കല്‍ അനുഷ്ഠാനം പൂര്‍ത്തിയായി. ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ തറവാട് കാരണവര്‍ ബാലന്‍ കുളത്തിങ്കാല്‍ തലയ്ക്ക് മുണ്ടിട്ട് കുലവന് ബോനം കൊടുക്കുന്ന ചടങ്ങും നടന്നു. വേഷത്തിലും നൃത്തത്തിലും താളത്തിലും ആചാര അനുഷ്ഠാനങ്ങളിലും വട്ട മുടിയും അരയാടയും പൊയ്ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പം മുളവില്ലും ഒന്നായുള്ളത് കുലവന്റെ പ്രത്യേകതയാണ്. തൊണ്ടച്ചന്‍, വലിയ തെയ്യം എന്നീ പേരുകളില്‍ പൊതുവെ വിളിക്കപ്പെടുന്ന വയനാട്ടുകുലവന്‍ തീയരുടെ കുലദൈവമാണ്. കത്തിച്ച മുളചൂട്ട് വെളിച്ചപ്പാടന്റെ സഹായത്തോടെ മറക്കളത്തില്‍ കാര്‍ണവര്‍ കുലവന് സമര്‍പ്പിച്ചു .ചൂട്ടുമായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ചുവടൊപ്പിച്ചുള്ള കുലവന്റെ നൃത്തം കാണാന്‍ ആയിരങ്ങള്‍ മീത്തല്‍ വീട് തറവാട്ടിലെത്തിയിരുന്നു. പിന്നീട് ചൂട്ട് കൊട്ടിലകത്ത് സമര്‍പ്പിച്ചു.അതിവിശിഷ്ടവും പരമ പവിത്രവുമായ ചൂട്ടൊപ്പിക്കല്‍ ചടങ്ങു പൂര്‍ത്തിയാകുന്നതോടെ വിഷ്ണുമൂര്‍ത്തി തെയ്യം തിരുമുറ്റത്തെത്തി. രണ്ട് തെയ്യങ്ങളുടെയും കൂടിപ്പിരിയലിനുശേഷം ആദ്യം വിഷ്ണുമൂര്‍ത്തിയും തുടര്‍ന്ന് കുലവനും അരങ്ങൊഴിഞ്ഞു.രാവിലെ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. പ്രദേശത്ത് ആദ്യമായി തെയ്യംകെട്ട് നടന്ന മീത്തല്‍ വീട് തറവാട്ടില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന ഉത്സവത്തിന് രാത്രി മറപിളര്‍ക്കലും തുടര്‍ന്ന് വിളക്കിലരിയും കൈവീതും നടത്തി സമാപനം കുറിച്ചു.

ഇനി തല്ലാണിയിലേക്ക്…..

പ്രതീക്ഷിച്ചതിലും ഏറെ മികവില്‍ ചേറ്റുകുണ്ടില്‍ തെയ്യംകെട്ട് പൂര്‍ത്തിയായ സംതൃപ്തില്‍ ചേറ്റുകുണ്ടില്‍ നിന്ന് പാലക്കുന്ന് കഴക വാസികളുടെ പ്രവര്‍ത്തനനങ്ങള്‍ ഇനി ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടിലെ തെയ്യംകെട്ടിനുള്ള അവസാന വട്ട ഒരുക്കങ്ങളിലേക്കായിരിക്കും. 16 ന് കലവറ നിറയ്ക്കുന്നതോടെ പാലക്കുന്ന് കഴകത്തിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ തെയ്യംകെട്ടിന് അവിടെ തുടക്കം കുറിക്കും. 19 ന് സമാപിക്കും. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ 12 ന് 3 മണിക്ക് ആഘോഷ കമ്മിറ്റി പൊതു യോഗം ചേരുന്നുണ്ട്. മറക്കള ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ ഗാലറികള്‍ സ്ഥാപിക്കുന്ന അപൂര്‍വത അവിടത്തെ ഹൈലൈറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *