എല്‍ നിനോ ഭീഷണി, രാജ്യത്ത് കാലവര്‍ഷം കുറയും; കേരളത്തില്‍ ആശ്വാസമായി ‘സാധാരണ മഴ’യെന്ന് പ്രവചനം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് മഴയുടെ അളവ് കുറയാനുള്ള പ്രധാന കാരണം എല്‍ നിനോയുടെ സാന്നിധ്യമാണ്
എല്‍ നിനോ ഭീഷണി, രാജ്യത്ത് കാലവര്‍ഷം കുറയും; കേരളത്തില്‍ ആശ്വാസമായി ‘സാധാരണ മഴ’യെന്ന് പ്രവചനം

തിരുവനന്തപുരം: രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില വര്‍ധിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസം മഴയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഏജന്‍സിയുടെ ആദ്യഘട്ട വിലയിരുത്തല്‍. എന്നാല്‍, ദേശീയതലത്തില്‍ മഴ കുറയുമെങ്കിലും കേരളത്തില്‍ ഇത്തവണ സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നത് സംസ്ഥാനത്തിന് നേരിയ ആശ്വാസം നല്‍കുന്നു.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് മഴയുടെ അളവ് കുറയാനുള്ള പ്രധാന കാരണം എല്‍ നിനോയുടെ സാന്നിധ്യമാണ്. സമുദ്രോപരിതലം അസാധാരണമാംവിധം ചൂടാകുന്ന ഈ പ്രതിഭാസം അതിതീക്ഷ്ണമായ ‘സൂപ്പര്‍ എല്‍ നിനോ’ ആയി മാറാനുള്ള സാധ്യതയും അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിക്കുന്നുണ്ട്. ഇത് കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മഴ ഗണ്യമായി കുറയാന്‍ ഇടയാക്കും.അതേസമയം, അറബിക്കടലിലെ അനുകൂല ഘടകങ്ങള്‍ കേരളത്തിന് തുണയാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്രം ഡൈപോള്‍ (കഛഉ) പോസിറ്റീവ് ആകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ മികച്ച മഴ ലഭിച്ചേക്കാം. സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ചൂട് കൂടുകയും കിഴക്കന്‍ ഭാഗത്ത് കുറയുകയും ചെയ്യുന്ന ഈ അവസ്ഥ മഴമേഘങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നതാണ്.രാജ്യത്തിന്റെ കാര്‍ഷിക മേഖലയെയും ജലലഭ്യതയെയും എല്‍ നിനോ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും, കേരളത്തിലെ മഴ സാധാരണ നിലയിലായിരിക്കുമെന്ന സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് വൈദ്യുതി ഉത്പാദനത്തിലും കൃഷിയിലും വലിയ പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം ഉടന്‍ പുറത്തുവരാനിരിക്കെയാണ് സ്വകാര്യ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *