വോട്ടര്‍മാരും ഉദ്യോഗസ്ഥരും ജാഗ്രതൈ; തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം വേനല്‍ച്ചൂടും കടുക്കുന്നു

നിര്‍ജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു വോട്ടര്‍മാരും ഉദ്യോഗസ്ഥരും ജാഗ്രതൈ; തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം വേനല്‍ച്ചൂടും കടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് വര്‍ധിക്കുന്നതിനൊപ്പം വേനല്‍ച്ചൂടും കഠിനമാകുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. നിര്‍ജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.ദാഹം അനുഭവപ്പെട്ടില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് ഉചിതം.പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. വോട്ട് ചെയ്യാന്‍ പോകുന്നവര്‍ കുടയോ തൊപ്പിയോ കരുതുന്നതിനൊപ്പം ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ വെയിലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തങ്ങള്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ തങ്ങളുടെ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളും ഇന്‍സുലിന്‍ ഡോസ് അടക്കമുള്ള കുറിപ്പുകളും കരുതുന്നത് അടിയന്തര ഘട്ടങ്ങളില്‍ സഹായകരമാകും. പോളിംഗ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമായിരിക്കും.സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ബാധിക്കപ്പെട്ട വ്യക്തിയെ തണലുള്ള ഒരിടത്തേക്ക് മാറ്റി വിശ്രമിപ്പിക്കണം. കട്ടിയുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും കാറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അസ്വസ്ഥതകള്‍ തുടരുകയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *