വിഷുവിന് നാട്ടിലേക്ക് പോകാന്‍ കൈപൊള്ളുന്ന നിരക്ക്; ഡൈനാമിക് പ്രൈസിംഗില്‍ കുരുങ്ങി യാത്രക്കാര്‍

പ്രീമിയം സര്‍വീസുകളിലെ നഷ്ടം നികത്തുന്നതിനായി 2025 നവംബറില്‍ നടപ്പിലാക്കിയ ഈ പരിഷ്‌കാരം സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്

വിഷുവിന് നാട്ടിലേക്ക് പോകാന്‍ കൈപൊള്ളുന്ന നിരക്ക്; ഡൈനാമിക് പ്രൈസിംഗില്‍ കുരുങ്ങി യാത്രക്കാര്‍ ബെംഗളൂരുവില്‍ നിന്നുള്ള വിഷുയാത്രക്കാര്‍ക്ക് തിരിച്ചടിയായി കേരള ആര്‍ടിസിയുടെ ഡൈനാമിക് പ്രൈസിങ് സംവിധാനം വില്ലനാകുന്നു. തിരക്ക് കൂടുതലുള്ള ഏപ്രില്‍ 10, 11 തീയതികളില്‍ ടിക്കറ്റ് നിരക്കില്‍ 30 മുതല്‍ 50 ശതമാനം വരെയാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രീമിയം സര്‍വീസുകളിലെ നഷ്ടം നികത്തുന്നതിനായി 2025 നവംബറില്‍ നടപ്പിലാക്കിയ ഈ പരിഷ്‌കാരം സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ ഈ സംവിധാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് സാധിക്കും.ഉത്സവ സീസണുകളില്‍ എന്‍ഡ് ടു എന്‍ഡ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. അതായത്, ബസ് പോകുന്ന വഴിക്കുള്ള ഏതെങ്കിലും സ്റ്റോപ്പുകളില്‍ ഇറങ്ങുന്നവര്‍ പോലും ബസ് അവസാനിക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ തുകയും നല്‍കേണ്ടി വരും. നിലവിലെ നിരക്ക് പ്രകാരം തിരുവനന്തപുരത്തേക്ക് എസി സ്ലീപ്പറില്‍ 2858 രൂപയും എറണാകുളത്തേക്ക് 2440 രൂപയുമാണ് ഈടാക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള നിരക്കിലും സമാനമായ വര്‍ധനവുണ്ട്. അതേസമയം ബസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പകുതി സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ നിരക്ക് കുറയാനും ഈ സംവിധാനത്തില്‍ വ്യവസ്ഥയുണ്ട്. വിഷു തിരക്കിനിടയിലും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നവര്‍ക്കായി പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണ്. കേരള ആര്‍ടിസി വിവിധ നഗരങ്ങളിലേക്കായി 12 സ്‌പെഷ്യല്‍ ബസുകള്‍ ഓടിക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി 18 ബസുകള്‍ക്കായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *