ചേറ്റുകുണ്ട് :ചരിത്രത്തിലാദ്യമായി വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ മൂന്നുദിവസം നീളുന്ന ഉത്സവത്തിന് കലവറ നിറയ്ക്കലോടെ സമാരംഭമായി.ചൊവ്വാഴ്ച രാവിലെ തറവാട്ടില്‍ നിന്നുള്ള കന്നിക്കലവറയാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് ചേറ്റുകുണ്ട് പ്രാദേശിക സമിതി, പൂച്ചക്കാട് തെക്കേക്കര പ്രദേശം, പൂച്ചക്കാട് മൊട്ടംചിറ, പൂച്ചക്കാട് കിഴക്കേക്കര അയ്യപ്പ ഭജനമന്ദിരം, തൊട്ടി കിഴക്കേക്കര അയ്യപ്പ ഭജനമന്ദിരം, പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി, രാവണേശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം,. കീക്കാന്‍ മഹാമായ ക്ഷേത്ര കന്നഡ സമിതി എന്നിവിടങ്ങളില്‍ നിന്ന് വാദ്യമേള ഘോഷങ്ങളോടെ ഭക്ഷണം ഒരുക്കാനുള്ള വിഭവങ്ങളുമായി ഘോഷയാത്രകള്‍ തറവാട്ടിലെത്തി ഇതിനായി ഒരുക്കിയ കലവറയില്‍ നിറച്ചു.
ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തറവാട്ടിന് തൊട്ടടുത്ത പാടത്തില്‍ നിന്ന് മാതൃസമിതിയും പ്രാദേശിക സമിതിയും ചേര്‍ന്ന് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറിക്ക് പുറമെയാണിത്. നാരായണന്‍ മണിയാണിയും സഹായിയായി മണികണ്ഠന്‍ ഉദുമയുമാണ് കലവറ സൂക്ഷിപ്പുകാര്‍.തെയ്യംകെട്ടുത്സവം കാണാനെത്തുന്ന ആയിരങ്ങള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പണമെന്നാണ് ചട്ടം. അതിനായി വിശാലമായ അടുക്കളയും ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ പറഞ്ഞു. ഉത്സവം കാണാനെത്തുന്ന ഭക്തര്‍ക്ക് കലവറനിറയ്ക്കുന്നതു മുതല്‍ അവസാന ദിവസം വരെ രാപകല്‍ വ്യത്യാസമില്ലാതെ ഭക്ഷണം വിളമ്പും. ഇന്ന് കണ്ടനാര്‍ കേളന്‍ മറക്കളത്തിലെത്തുന്നതിന് മുന്‍പ് താല്‍ക്കാലികമായി വിതരണം നിര്‍ത്തിവെക്കുമെന്നും ബപ്പിടലിന് ശേഷം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മറക്കളത്തില്‍ ദീപം തെളിഞ്ഞു
രാത്രി മറക്കളത്തില്‍ ദീപം തെളിയിച്ച ശേഷം മറക്കളത്തില്‍ തടിച്ചു കൂടിയ പുരുഷാരത്തെ സാക്ഷിയാക്കി തെയ്യംകെട്ടിനുള്ള കോലധാരികളെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം സ്ഥാനികര്‍ പ്രഖ്യാപിച്ചു ഷിജു കൂടാനം കണ്ടനാര്‍ കേളന്റെയും ജയന്‍ കുറ്റിക്കോല്‍ തൊണ്ടച്ചന്റെയും തെയ്യക്കോലം അണിയും. വിഷ്ണുമൂര്‍ത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, ഗുളികന്‍, കോരച്ചന്‍, രണ്ട് കാര്‍ന്നോന്‍ എന്നിവയാണ് മറ്റു തെയ്യങ്ങള്‍. നാരായണന്‍ നാരമ്പാടി വിഷ്ണുമൂര്‍ത്തിയുടെയും വാമനന്‍ മരുതളം തൊണ്ടച്ചന്റെയും കര്‍മികളായിരിക്കും.വയനാട്ടുകുലവന്റെയും ധര്‍മ ദൈവത്തിന്റെയും കൂടലും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും ഉണ്ടായിരുന്നു.
തറവാട്ടില്‍ ബുധനാഴ്ച്ച
രാവിലെ 10 ന് വിഷ്ണുമൂര്‍ത്തിയുടെയും തുടര്‍ന്ന് ദണ്ഡ്യങ്ങാനത്ത് ഭഗവതിയുടെയും ഗുളികന്റെയും തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം 4ന് കാര്‍ന്നോന്‍ തെയ്യങ്ങളുടെയും 6ന് കോരച്ചന്‍ തെയ്യത്തിന്റയും വെള്ളാട്ടങ്ങള്‍. 9ന് കണ്ടനാര്‍ കേളന്റെ വെള്ളാട്ടം മറക്കളത്തിലെത്തി ബപ്പിടല്‍ ചടങ്ങ് ആരംഭിക്കും.11ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും തുടര്‍ന്ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും.