സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്
നിയമസഭാ തെരഞ്ഞെടുപ്പ്! 76,000 സേനാംഗങ്ങള്‍ കാവലൊരുക്കും; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖര്‍ അറിയിച്ചു. സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 28,209 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ 154 ഇലക്ഷന്‍ സബ് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അതീവ ജാഗ്രത വേണ്ട 2,500 ക്രിട്ടിക്കല്‍ പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു.കേരള പോലീസിന് പുറമെ കേന്ദ്ര സേനയുടെ 140 കമ്പനികളും തമിഴ്നാട് പോലീസിന്റെ 20 കമ്പനികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. ലോക്കല്‍ പോലീസിനൊപ്പം സ്‌പെഷ്യല്‍ യൂണിറ്റുകളും വിവിധ ബറ്റാലിയനുകളും സുരക്ഷാ ചുമതലകളില്‍ പങ്കുചേരും. വോട്ടെടുപ്പ് സുഗമമായും സുതാര്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാവിധ മുന്‍കരുതലുകളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാനത്തുടനീളം കര്‍ശനമായ പരിശോധനകളും നിരീക്ഷണവും തുടരുകയാണ്.