ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതി പരിധിയില്‍ ആദ്യമായി നടക്കുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ടിന് ചൊവ്വാഴ്ച്ച തുടക്കം കുറിക്കും. 7 ന് രാവിലെ 9.30 നും10.30നും മധ്യേ കന്നികലവറ നിറയ്ക്കലിന് ശേഷം ചേറ്റുകുണ്ട് പ്രാദേശിക സമിതിയില്‍ നിന്നും തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും കലവറ നിറയ്ക്കാനുള്ള കോപ്പുകളുമായി സംഘങ്ങള്‍ തറവാട്ടിലെത്തും. വൈകുന്നേരം 6 ന് കൈവീതിന് ശേഷം വയനാട്ടുകുലവന്‍ തെയ്യം കൂടലും തുടര്‍ന്ന് ധര്‍മദൈവം കൂടലും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങള്‍.ബുധനാഴ്ച്ച രാവിലെ 10ന് വിഷ്ണുമൂര്‍ത്തിയുടെയുടെയും തുടര്‍ന്ന് ദണ്ഡ്യങ്ങാനത്ത് ഭാഗവതിയുടെയും പുറപ്പാടുകള്‍.ഉച്ചയ്ക്ക് ഗുളികന്‍ തെയ്യം. വൈകുന്നേരം 4ന് കാര്‍ന്നോന്‍ തെയ്യങ്ങളുടെയും 6ന് കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടങ്ങള്‍. 9 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും നടക്കും.11 ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും തുടര്‍ന്ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും.വ്യാഴാഴ്ച രാവിലെ 9 മുതല്‍ കാര്‍ന്നോന്‍ തെയ്യങ്ങളുടെയും കോരച്ചന്‍ തെയ്യത്തിന്റെയും കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെയും പുറപ്പാടുകള്‍. വൈകുന്നേരം 4 നാണ് വയനാട്ടുകുലവന്റെ പുറപ്പാടും തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍ ചടങ്ങും. രാത്രി മറപിളര്‍ക്കലും തുടര്‍ന്ന് വിളക്കിലരിയും കൈവീതും കഴിച്ച് തെയ്യംകെട്ടിന് സമാപനം കുറിക്കും. പ്രദേശത്ത് ആദ്യമായി നടക്കുന്ന തെയ്യംകെട്ട് കുറ്റമറ്റതാക്കാന്‍ ആഘോഷകമ്മിറ്റിയും തറവാട് കമ്മിറ്റിയും മാതൃസമിതിയും ഒപ്പം നാട്ടു കൂട്ടായ്മകളും അവസാനവട്ട ഒരുക്കങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നുണ്ടെന്നും പോലിസ് വകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മൂന്ന് ദിവസം നീളുന്ന ഉത്സവം നടക്കുകയെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ചെയര്‍മാന്‍ ഉദയമംഗലം സുകുമാരനും ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ ചേറ്റുകുണ്ടും പറഞ്ഞു.