സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം; ദൂരപരിധിയില്ലാതെ ദീര്‍ഘദൂര പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിത്തുടങ്ങി

സര്‍ക്കാര്‍ നിബന്ധന നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം; ദൂരപരിധിയില്ലാതെ ദീര്‍ഘദൂര പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിത്തുടങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ക്ക് ആശ്വാസമായി ദൂരപരിധി നിബന്ധനയില്ലാതെ ദീര്‍ഘദൂര പെര്‍മിറ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പുതുക്കി നല്‍കിത്തുടങ്ങി. കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ പെര്‍മിറ്റുകളാണ് ഇപ്പോള്‍ പുതുക്കിയത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ ‘മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം’ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഈ നടപടി.സര്‍ക്കാര്‍ നിബന്ധന നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ പെര്‍മിറ്റുകള്‍ പുതുക്കുന്നത് മാസങ്ങളോളം വൈകുകയായിരുന്നു. ഇതിനിടെ വിധി നടപ്പാക്കാത്തതില്‍ മലപ്പുറം, ഇടുക്കി ആര്‍.ടി.ഒമാര്‍ക്കെതിരെ കോടതി കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിരുന്നു. നിയമതടസ്സങ്ങള്‍ നീങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന 241-ഓളം സ്വകാര്യ ബസുകള്‍ക്ക് വൈകാതെ തന്നെ പെര്‍മിറ്റുകള്‍ ലഭ്യമാകുമെന്നാണ് സൂചന. പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *