ആവേശകരമായ യാത്രയ്ക്കിടയിലും യാത്രികര്‍ക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ദൗത്യത്തിന്റെ ആദ്യ ദിനം മുതല്‍ ഓറിയോണ്‍ പേടകത്തിലെ ടോയ്ലറ്റ് സംവിധാനം ചില തകരാറുകള്‍ കാണിക്കുന്നു
അപ്പോളോയെ മറികടക്കാന്‍ ആര്‍ട്ടെമിസ് II; ചന്ദ്രനിലേക്ക് പകുതി ദൂരം പിന്നിട്ട് ചരിത്രക്കുതിപ്പ്! മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന ആവേശകരമായ നിമിഷങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. നാസയുടെ ആര്‍ട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശയാത്രികര്‍ ഇപ്പോള്‍ ചന്ദ്രനിലേക്കുള്ള യാത്രയുടെ പാതിവഴി പിന്നിട്ടിരിക്കുന്നു. 1970-കളില്‍ അപ്പോളോ ദൗത്യങ്ങള്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യ സാന്നിധ്യം എത്തിക്കാനുമുള്ള കഠിന പരിശ്രമത്തിലാണ് ഈ നാലംഗ സംഘം. ഭൂമിയില്‍ നിന്നും ലക്ഷക്കണക്കിന് മൈലുകള്‍ക്കപ്പുറം, ചന്ദ്രന്റെ ഭീമാകാരമായ രൂപം വിന്‍ഡോയിലൂടെ കാണുമ്പോഴുള്ള വിസ്മയത്തിലാണ് തങ്ങളെന്ന് യാത്രികര്‍ ഭൂമിയിലേക്ക് സന്ദേശമയച്ചു കഴിഞ്ഞു.ഈ യാത്രയിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം ഞായറാഴ്ച രാത്രിയോടെ സംഭവിക്കും. പേടകം ഭൂമിയുടെ സ്വാധീനത്തില്‍ നിന്നും മാറി ചന്ദ്രന്റെ ‘ഗുരുത്വാകര്‍ഷണ മണ്ഡലത്തിലേക്ക്’ പ്രവേശിക്കുന്ന സമയമാണിത്. അതായത്, ഇനി മുതല്‍ ഭൂമിയേക്കാള്‍ ശക്തിയോടെ ചന്ദ്രന്‍ പേടകത്തെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങും. ”നമ്മുടെ ഭൂമി ഇപ്പോള്‍ വളരെ ചെറുതായി കാണപ്പെടുന്നു, എന്നാല്‍ ചന്ദ്രന്‍ അതിവേഗം വലുതായിക്കൊണ്ടിരിക്കുകയാണ്,” എന്ന് പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്തു. കമാന്‍ഡര്‍ റീഡ് വൈസ്മാനും സംഘവും അതീവ ജാഗ്രതയോടെയാണ് ഈ ഓരോ നാഴികക്കല്ലും പിന്നിടുന്നത്.അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂര റെക്കോര്‍ഡ് ഈ ദൗത്യത്തോടെ പഴങ്കഥയാകും. ഭൂമിയില്‍ നിന്ന് ഏകദേശം 4,00,000 കിലോമീറ്റര്‍ (252,000 മൈല്‍) ദൂരം സഞ്ചരിച്ച് ചന്ദ്രന് പിന്നിലൂടെ ഒരു യു-ടേണ്‍ എടുത്ത് തിരികെ വരുന്ന രീതിയിലാണ് ആര്‍ട്ടെമിസ് II വിഭാവനം ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നില്ലെങ്കിലും, മനുഷ്യര്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് നാസയുടെ ഓറിയോണ്‍ പേടകം കുതിക്കും. ഈ നേട്ടം കാനഡയ്ക്കും അഭിമാന നിമിഷമാണ്, കാരണം കനേഡിയന്‍ ബഹിരാകാശയാത്രികനായ ജെറമി ഹാന്‍സെന്‍ ഈ ചരിത്ര യാത്രയിലെ ഭാഗമാണ്.