പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരില്‍ ആവേശമുണര്‍ത്താന്‍ പുല്ലൂര്‍ പെരിയ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്രയും പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ പെണ്‍ കരുത്ത് ‘വോട്ടായനം 2026’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. പെരിയ ടൗണ്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര പെരിയ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസി ഡി ഹരിദാസ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ പുല്ലൂര്‍ പെരിയ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രീതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ് , സപ്പോര്‍ട്ടിംഗ് സ്റ്റാഫായ മുരളി, മനീഷ, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍, നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.