രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ പുതിയ നിയന്ത്രണങ്ങളാണ് ഈ ചരിത്രപരമായ കുതിപ്പിന് പ്രധാന കാരണമായത്
ഡോളറിനെതിരെ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ രൂപ കരുത്ത് തെളിയിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന മുന്നേറ്റമാണ് ഇന്ന് വിപണിയില്‍ ദൃശ്യമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.8 ശതമാനം വര്‍ധിച്ച് 93.17 എന്ന നിലവാരത്തിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവാണിത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ പുതിയ നിയന്ത്രണങ്ങളാണ് ഈ ചരിത്രപരമായ കുതിപ്പിന് പ്രധാന കാരണമായത്.രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏപ്രില്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് ‘നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്‌സ്’ എന്നറിയപ്പെടുന്ന വിനിമയ കരാറുകള്‍ നല്‍കുന്നത് ആര്‍ബിഐ വിലക്കി. കൂടാതെ, വിദേശ വിനിമയ കരാറുകള്‍ റദ്ദാക്കിയാല്‍ കമ്പനികള്‍ക്ക് അവ വീണ്ടും ബുക്ക് ചെയ്യാനുള്ള അനുവാദവും റദ്ദാക്കി. ഈ നടപടികളിലൂടെ വിപണിയില്‍ ഡോളറിനായുള്ള അനാവശ്യ ഡിമാന്‍ഡ് കുറയ്ക്കാനും രൂപയ്ക്ക് സ്ഥിരത ഉറപ്പാക്കാനും സാധിച്ചു. മാര്‍ച്ച് 30-ന് രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 95 കടന്ന് താഴേക്ക് പോയ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായത്.