പ്രചാരണം ഉച്ചസ്ഥായിയില്‍! കേരളം വിധിയെഴുതാന്‍ ഇനി 7 നാള്‍; പോരാട്ടം കടുപ്പിച്ച് മുന്നണികള്‍

ക്ഷേമ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇരുവിഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമാകുന്നു. മുന്നണികളെല്ലാം അധികാരം പിടിക്കാനുള്ള അവസാനഘട്ട തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. നിര്‍ണ്ണായകമായ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പ്രകടനപത്രികകള്‍ ഇന്ന് പുറത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമാകും. ക്ഷേമ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇരുവിഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് വെച്ച് പ്രകാശനം ചെയ്യും. എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരാകും. ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവ്, ലൈഫ് മിഷന്‍, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ തുടര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വാഗ്ദാനങ്ങള്‍ ഇടത് പക്ഷം മുന്നോട്ട് വെച്ചേക്കും. അതേസമയം, കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യു.ഡി.എഫ് പത്രിക പുറത്തിറക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരണ്ടി’ക്ക് പുറമെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന മറ്റ് പുതിയ പദ്ധതികള്‍ എന്തൊക്കെയാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *