പാലക്കുന്ന് കഴകം ക്ഷേത്രത്തില്‍ ഉത്രവിളക്ക് സമാപിച്ചു: ഇന്ന് ഭണ്ഡാര വീട്ടില്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും

പാലക്കുന്ന്:പൂവിടലും പൂരക്കളിയും പൂരംകുളിയും പൂര്‍ണമായതോടെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവം സമാപിച്ചു.
തുടര്‍ന്ന് നടന്ന ഉത്രവിളക്ക് ബുധനാഴ്ച ഉച്ചയോടെ സമാപിച്ചു. കെട്ടിച്ചുറ്റിയ നര്‍ത്തകനോടൊപ്പം മറ്റു സ്ഥാനികരും മേലാപ്പും കുടയും തിടമ്പുകളുമായി പ്രദക്ഷിണം പൂര്‍ത്തിയാക്കി ചുവടുമായ്ക്കല്‍ (കാലാംഗം) നടത്തി. കല്ലൊപ്പിക്കല്‍ ചടങ്ങിന് ശേഷം വീണ്ടും ചുവട്മായ്ക്കല്‍ നടത്തി തിരുവായുധം സമര്‍പ്പിച്ചു. ഉച്ചയ്ക്ക് തിരിച്ചെഴുന്നള്ളത്തോടെ ഉത്രവിളക്ക് സമാപിച്ചു.രാത്രി ഭണ്ഡാര വീട്ടില്‍ തെയ്യം കൂടി. ഇന്ന് (വ്യാഴാഴ്ച) പകല്‍ വിഷ്ണുമൂര്‍ത്തിയും, പടിഞ്ഞാറ്റ ചാമുണ്ഡിയും തുടര്‍ന്ന് മൂവാളംകുഴി ചാമുണ്ഡിയും ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.ആദ്യം വിഷ്ണുമൂര്‍ത്തി ഉറഞ്ഞാടി കഴിഞ്ഞാല്‍ ആറാട്ടുകടവിലെ കല്‍ത്തറയില്‍’കരിക്ക്കുളിക്കല്‍’ ചടങ്ങ് നടക്കും.മൂവാളംകുഴി ചാമുണ്ഡി തെയ്യം തീയ സമുദായക്ഷേത്രങ്ങളില്‍ കെട്ടിയാടുന്നത് വിരളമാണ്.അഞ്ചും കഴിഞ്ഞ് ആറാമത്തെ പരദേവതയായ മൂവാളംകുഴി ചാമുണ്ഡിഅമ്മ ശക്തി സ്വരൂപിണിയും ഉഗ്രമൂര്‍ത്തിയുമാണെങ്കിലും ഭക്തവത്സലയുമാണെന്നാണ് അറിയപ്പെടുന്നത്.ചെമ്പുകൊണ്ട് നിര്‍മിച്ച ഒന്നും ഈ തെയ്യത്തിന്റെ മുന്‍പില്‍ കാണാന്‍ പാടില്ല എന്നാണ് വെപ്പ്.ക്ഷേത്രം ഉണ്ടായ കാലം തൊട്ട് ഭണ്ഡാര വീട്ടില്‍ പടിഞ്ഞാറ്റ ചാമുണ്ഡിഅമ്മയ്ക്ക് സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും മൂവാളം കുഴി ചാമുണ്ഡിയ്ക്ക് പിന്നീടാണ് അതുണ്ടായത്. തെയ്യം കാണാന്‍ ഇന്ന് ഭണ്ഡാര വീട്ടിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *