രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 60 കാലി സിലിണ്ടറുകളും ഗ്യാസ് നിറച്ച നാല് സിലിണ്ടറുകളുമാണ് കണ്ടെത്തിയത്
കോഴിക്കോട്: പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടത്ത് ജനവാസ കേന്ദ്രത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്ന 64 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ബോബന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് എടച്ചേരിത്താഴത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 60 കാലി സിലിണ്ടറുകളും ഗ്യാസ് നിറച്ച നാല് സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. വളരെ അലസമായ രീതിയില്‍ പറമ്പില്‍ കൂട്ടിയിട്ട നിലയിലായിരുന്നു ഇവ. വലിയ അപകടസാധ്യത മുന്നില്‍ക്കണ്ട് പിടിച്ചെടുത്ത സിലിണ്ടറുകള്‍ ഉടന്‍ തന്നെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തില്‍ ഇത്രയധികം സിലിണ്ടറുകള്‍ ഒളിപ്പിച്ചു വെച്ചവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍, കൊയിലാണ്ടി റേഷനിങ് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍, താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബൈജു, ബവിത, ഷൈബ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.