മൂന്ന് മാസത്തെ വിഹിതം ഒരുമിച്ച് നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശമെങ്കിലും റേഷന്‍ കടകളിലെ സ്റ്റോറേജ് പരിമിതി കണക്കിലെടുത്താണ് ഇത് രണ്ട് മാസമായി ചുരുക്കിയത്
പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുമായി സര്‍ക്കാര്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 4 ശനിയാഴ്ച മുതല്‍ ഈ വിതരണം ആരംഭിക്കും. മൂന്ന് മാസത്തെ വിഹിതം ഒരുമിച്ച് നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശമെങ്കിലും റേഷന്‍ കടകളിലെ സ്റ്റോറേജ് പരിമിതി കണക്കിലെടുത്താണ് ഇത് രണ്ട് മാസമായി ചുരുക്കിയത്. ഏപ്രില്‍ വിഹിതം ഏപ്രില്‍ 4 മുതല്‍ 30 വരെയും, മേയ് വിഹിതം ഏപ്രില്‍ 4 മുതല്‍ മേയ് 30 വരെ വാങ്ങാം. ജൂണിലെ വിഹിതം സ്റ്റോക്ക് ലഭ്യമാകുന്ന മുറയ്ക്ക് നേരത്തെ വിതരണം ചെയ്യുന്നത് പരിഗണനയിലാണ്.മഞ്ഞക്കാര്‍ഡ് ഉള്ളവര്‍ക്ക് ഏപ്രില്‍ വിഹിതവും മേയ് മാസത്തിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ആകെ 60 കിലോ (30+30) അരിയും നാലുകിലോ (2+2) ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് (3+3) ആട്ട ഏഴുരൂപ നിരക്കിലും ലഭിക്കും പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ഓരോ അംഗത്തിനും എട്ടുകിലോ (4+4) അരിയും രണ്ടുകിലോ (1+1) ഗോതമ്പും സൗജന്യമായി ലഭിക്കും. (നാല് അംഗങ്ങളുള്ള കാര്‍ഡിന് ഗോതമ്പിനു പകരം പരമാവധി എട്ടു പാക്കറ്റ് (4+4) ആട്ടയും അതില്‍ക്കൂടുതല്‍ അംഗങ്ങളുള്ള കാര്‍ഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ (1+1) ഗോതമ്പു കൂടിയും ലഭിക്കും.