രക്തകോശങ്ങളിലെ ആന്റിജനുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെയും ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്
രക്തഗ്രൂപ്പും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാലാകാലങ്ങളായി നിരവധി ഗവേഷണങ്ങള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും പുതിയതായി പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നത് ബി (B) രക്തഗ്രൂപ്പുള്ളവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അല്പം കൂടുതലാണെന്നാണ്. 2024-ല്‍ ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ബി പോസിറ്റീവ്, ബി നെഗറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ക്ക് പ്രമേഹം വരാന്‍ 28 ശതമാനം അധിക സാധ്യതയുണ്ട്.രക്തകോശങ്ങളിലെ ആന്റിജനുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെയും ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ബി രക്തഗ്രൂപ്പുകാര്‍ ഈ വിവരത്തില്‍ ആശങ്കപ്പെടേണ്ടതില്ല. കാരണം, രക്തഗ്രൂപ്പ് എന്നത് ഒരു ഘടകം മാത്രമാണ്. പ്രമേഹത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥ കാരണങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്.