യുദ്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നത്? രാഷ്ട്രീയ നേതാക്കളോ, അതോ അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശക്തികളോ? ആയുധ നിര്‍മ്മാണ കമ്പനികള്‍, നിക്ഷേപ ഫണ്ടുകള്‍, ആഗോള ലോബികള്‍ ഇവയൊക്കെ ചേര്‍ന്ന് ഒരു അദൃശ്യ നെറ്റ്വര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം പുതുമയുള്ളതല്ല. എന്നാല്‍, ഓരോ പുതിയ ആരോപണവും ഈ സംശയത്തെ കൂടുതല്‍ വിശ്വസനീയമാക്കുകയാണ്.
ഇറാനെ ആക്രമിച്ചതിന് പിന്നില്‍ ആയുധ ലോബി? യു എസ് പ്രതിരോധ സെക്രട്ടറി പ്രതികൂട്ടില്‍
ഒരിക്കലും ജയിക്കാന്‍ കഴിയില്ലന്ന് അറിയാമായിരുന്നിട്ടും, അമേരിക്കയെ ഇറാന്‍ യുദ്ധത്തിലേക്ക് തള്ളിവിട്ടതിന്റെ രഹസ്യം ഇപ്പോള്‍ വൈകിയാണെങ്കിലും പുറത്തായിരിക്കുകയാണ്. ഇറാന്‍-അമേരിക്ക യുദ്ധത്തിന്റെ പുകമറയ്ക്കുള്ളില്‍ ആയുധക്കച്ചവടത്തിന്റെ കോടികള്‍ മണക്കുന്ന രഹസ്യനീക്കങ്ങള്‍ നടന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുദ്ധക്കളത്തില്‍ സൈനികര്‍ ജീവനുവേണ്ടി പോരാടുമ്പോള്‍, അധികാരത്തിന്റെ ശീതീകരിച്ച മുറികളിലിരുന്ന് ചിലര്‍ ഓഹരി വിപണിയിലെ ലാഭം കൊയ്യാന്‍ പദ്ധതിയിടുകയായിരുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ ‘യുദ്ധക്കച്ചവട’ത്തിന്റെ നിഗൂഢതകളിലേക്ക്…’
പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സൈനിക നീക്കത്തിന് മുന്‍പുള്ള ആഴ്ചകളില്‍, ഹെഗ്സെത്തിനോട് ബന്ധപ്പെട്ട ബ്രോക്കര്‍ ആയുധ നിര്‍മ്മാണ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ അന്വേഷിച്ചുവെന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്രോക്കര്‍, ലോകത്തിലെ ഏറ്റവും വലിയ ആസ്തി മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ബ്ലാക്ക്റോക്കുമായി ബന്ധപ്പെട്ട ഫണ്ടിലേക്കാണ് നിക്ഷേപ ശ്രമം നടത്തിയത്. ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെട്ട എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലായിരുന്നു ഈ നീക്കം.ഈ ഫണ്ടില്‍ ഉള്‍പ്പെട്ടിരുന്ന കമ്പനികള്‍ സാധാരണവയല്ല. ലോക പ്രതിരോധ രംഗത്തെ വമ്പന്മാരായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് അതില്‍ ഉള്‍പ്പെട്ടിരുന്നത്. യുദ്ധം ആരംഭിക്കുമ്പോള്‍ ആയുധ ആവശ്യകത ഉയരും, അതോടെ ഇത്തരം കമ്പനികളുടെ ഓഹരി വില കുതിക്കും, ഇത് സാധാരണ സാമ്പത്തിക പ്രവണതയാണ്. എന്നാല്‍, യുദ്ധ തീരുമാനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട ഒരാള്‍ക്ക് ഈ വിവരം മുന്‍കൂട്ടി അറിയാമായിരുന്നെങ്കില്‍, അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ശ്രമിച്ചത് വലിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന കാര്യമാണ്.റിപ്പോര്‍ട്ടനുസരിച്ച്, ഈ നിക്ഷേപ ശ്രമം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ചു. അതിനു പിന്നാലെ ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചു. ഇത് ‘ഇന്‍സൈഡര്‍ ട്രേഡിംഗ്’ എന്ന ഗുരുതരമായ സാമ്പത്തിക കുറ്റത്തിന്റെ പരിധിയില്‍ വരുമോയെന്ന ചര്‍ച്ചകള്‍ ഇതിനകം ശക്തമായി ഉയരുന്നുണ്ട്. യുദ്ധ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍, അത് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.