പ്രായാധിക്യത്തിന്റെ അവശതകള്ക്കിടയിലും ജനാധിപത്യത്തോടുള്ള ആവേശം ഒട്ടും ചോരാതെ കാസര്കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര് തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയ ‘വീട്ടില് വോട്ട്’ (ഹോം വോട്ടിങ്) സംവിധാനത്തിലൂടെയാണ് 106 വയസ്സുകാരനായ എങ്കപ്പു നായ്ക് വോട്ട് ചെയ്തത്.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പനത്തടി വില്ലേജില് 121-ാം നമ്പര് പോളിംഗ് ബൂത്തിലെ വോട്ടറാണ് എങ്കപ്പ നായ്ക്. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള് ഏറെയുണ്ടെങ്കിലും വോട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആവേശത്തിന് യാതൊരു കുറവുമില്ല. ഇത്തവണ മക്കളോടൊപ്പം സ്വന്തം വീട്ടിലിരുന്ന് വോട്ട് ചെയ്യാന് കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലാണ് അദ്ദേഹം.
കാഞ്ഞങ്ങാട് ആര്.ഡി.ഒ മനോജ്, വെള്ളരിക്കുണ്ട് തഹസില്ദാര് ഷേര്ലി രാജപ്പന്, പോളിംഗ് ഉദ്യോഗസ്ഥരായ ബിജു മന്ത്രവാദി, ശ്രീകാന്ത്, മൈക്രോ ഒബ്സര്വര് പ്രതിമ, വില്ലേജ് ഓഫീസര് എസ്. അനില്കുമാര്, ബി.എല്.ഒ എസ്.എം. പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്താന് സൗകര്യമൊരുക്കിയത്.