തെയ്യംകെട്ടും തിരഞ്ഞെടുപ്പും ഒരേ ദിവസംപൊതുയോഗ തീരുമാനം ആശങ്ക അകറ്റി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയിലെ ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ 7,8,9 തീയതികളില്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യംകെട്ടിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിച്ചു വരികെയാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഉണ്ടായത്. തറവാട് ചരിത്രത്തിലും ചേറ്റുകുണ്ട് പ്രദേശത്തും ആദ്യമായി നടക്കുന്ന തെയ്യംകെട്ട് ആഘോഷമാക്കാന്‍ നാട്ടുകൂട്ടായ്മ ഒറ്റക്കെട്ടായി ഒരുക്കങ്ങള്‍ നടത്തി വരികെയാണ് 9 ന് വോട്ടെടുപ്പെന്ന പ്രഖ്യാപനം തെയ്യംകെട്ട് ആഘോഷ സംഘാടകരെയും നാട്ടുകാരെയും ആശങ്കയിലാക്കിയത്. ചേറ്റുകുണ്ടില്‍ വയനാട്ടുകുലവന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും മറപിളര്‍ക്കലും
തിരഞ്ഞെടുപ്പിനുള്ള
വോട്ടെടുപ്പ് ദിവസമാണ് . തറവാട്ടില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെ കീക്കാനം ഗവ. യു പി സ്‌കൂളിലാണ് ഉദുമ നിയോജക മണ്ഡലം പള്ളിക്കര പഞ്ചായത്തിലെ 4 ബൂത്തുകള്‍ സജ്ജമാക്കുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാര്‍ ഈ തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുമായി
പ്രവര്‍ത്തിക്കുന്നവരുമാണ്. ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആശങ്ക അകറ്റാനും തെയ്യംകെട്ട് സുഗമമായി നടത്താനുള്ള തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും തറവാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പോലിസ് ഉദ്യോഗസ്ഥരും നാട്ടുകാരും തറവാട് അംഗങ്ങളും ആഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ആഡംബരങ്ങളിലും ആഘോഷങ്ങളിലും മിതത്വം പാലിക്കാനും ക്രമസമാധാന പരിപാലനത്തിന് മുന്‍ഗണന നല്‍കി ഉത്സവം നടത്താനും
യോഗത്തില്‍ തീരുമാനമായി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ പോലിസ് സബ് ഇന്‍സ്പെക്ടര്‍ സി. ബാബു മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ ചേറ്റുകുണ്ട്, കോര്‍ഡിനേറ്റര്‍ പി. രാജന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, വിവേക് ചേറ്റുകുണ്ട്, രാജു ഇട്ടമ്മല്‍, മിനി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയായി വരുന്നുണ്ടെന്ന് ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ പറഞ്ഞു.

പാര്‍ഥസാരഥി ക്ഷേത്രത്തിലും പോലീസ് നിബന്ധനകള്‍ക്ക് വിധേയമായി ഉത്സവം നടത്തും

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലും വാര്‍ഷിക പ്രതിഷ്ഠാദിന
ഉത്സവാഘോഷം നാട്ടുകാരെയും ഭാരവാഹികളെയും ആശങ്കയിലാക്കിയിരുന്നു. ഏപ്രില്‍ 8,9 തീയതികളിലാണ് ഇവിടെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം . ഉത്സവ നടത്തിപ്പുമായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മല്‍,
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. പി. ജയകൃഷ്ണന്‍ എന്നിവര്‍ പോലിസ് അധികാരികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഉച്ചഭാഷിണിയും തായമ്പകയും സ്റ്റേജിന പരിപാടികളും ഒഴിവാക്കിയും
ആഘോഷങ്ങളില്‍ മിതത്വം പാലിച്ചും അനുഷ്ഠാനബന്ധിതമായി ഉത്സവം നടത്താമെന്നാണ് തീരുമാനം. കലവറനിറയ്ക്കല്‍ ഉണ്ടാവില്ല. 9ന് നിശ്ചയിച്ച തിരുമുല്‍കാഴ്ച സമര്‍പ്പണം 8 ന് നടത്തും. ക്ഷേത്രവുമായി അതിര് പങ്കിടുന്ന തിരുവക്കോളി ഗവ. എ. എല്‍. പി. സ്‌കൂളിലാണ് വോട്ടെടുപ്പിനുള്ള 4 ബൂത്തുകള്‍ സജ്ജീകരിക്കുക. അതിനാല്‍ സ്‌കൂളിനേയും ക്ഷേത്രത്തിനേയും ബന്ധിപ്പിക്കുന്ന കിഴക്ക് ഭാഗത്തെ ഗേറ്റ് നിര്‍ബന്ധമായും അടച്ചിടാനും പൊതുനിരത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കടക്കാനുള്ള വടക്ക് ഭാഗത്തെ വഴിയിലൂടെ മാത്രം ജനങ്ങള്‍ പോക്ക് വരവ് നടത്താനുമാണ് തീരുമാനം. രണ്ട് ദിവസവും അന്നദാനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *