ചോക്ലേറ്റ് വിപണിയെ നടുക്കിയ മോഷണം; 12 ടണ്‍ കിറ്റ്കാറ്റുമായി പോയ ട്രക്ക് കാണാനില്ല

ഓരോ പാക്കറ്റിലുമുള്ള പ്രത്യേക ‘ബാച്ച് കോഡ്’ ഉപയോഗിച്ച് ഇവ എവിടെയെങ്കിലും വില്‍പ്പനയ്ക്ക് എത്തിയാല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു

കിറ്റ്കാറ്റ് ബ്രേക്ക് എടുക്കൂ’ എന്ന പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ എടുത്ത ഒരു മോഷ്ടാവ് നെസ്ലെ കമ്പനിക്ക് നല്‍കിയത് കോടികളുടെ പണിയാണ്. ഇറ്റലിയിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടണ്‍ കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് വഴിമധ്യേ അപ്രത്യക്ഷമായത്. ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകള്‍ അടങ്ങിയ ട്രക്ക് എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു സൂചനയുമില്ല. യൂറോപ്പിലെ ഈസ്റ്റര്‍ വിപണി ലക്ഷ്യമാക്കി നീങ്ങിയ ഈ വന്‍ശേഖരം മോഷണം പോയതോടെ വരുംദിവസങ്ങളില്‍ വിപണിയില്‍ കിറ്റ്കാറ്റിന് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി നല്‍കുന്ന മുന്നറിയിപ്പ്.അപ്രത്യക്ഷമായ ചോക്ലേറ്റുകള്‍ വിപണിയിലെത്തിയാല്‍ ഉടനടി കണ്ടെത്താനുള്ള പ്ലാനിലാണ് നെസ്ലെ അധികൃതര്‍. ഓരോ പാക്കറ്റിലുമുള്ള പ്രത്യേക ‘ബാച്ച് കോഡ്’ ഉപയോഗിച്ച് ഇവ എവിടെയെങ്കിലും വില്‍പ്പനയ്ക്ക് എത്തിയാല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു. സംഭവം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെങ്കിലും, തങ്ങളുടെ ഉല്‍പ്പന്നത്തോടുള്ള മോഷ്ടാവിന്റെ ‘അഭിരുചി’ കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതര്‍. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും, ഇത്രയും വലിയ ലോഡ് ചോക്ലേറ്റ് എങ്ങനെ സുരക്ഷിതമായി കടത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *