നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നത്, ചന്ദ്രന് എല്ലായ്‌പ്പോഴും ഇത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടായിരുന്നില്ല എന്നാണ്
ചന്ദ്രന്റെ കാന്തികക്ഷേത്രത്തെക്കുറിച്ച് ദശാബ്ദങ്ങളായി നിലനിന്നിരുന്ന ശാസ്ത്രീയ നിഗൂഢതയ്ക്ക് ഒടുവില്‍ പരിഹാരമായി. അപ്പോളോ ദൗത്യങ്ങള്‍ ശേഖരിച്ച പാറക്കല്ലുകളില്‍ ഭൂമിയേക്കാള്‍ ശക്തമായ കാന്തിക സാന്നിധ്യം കണ്ടെത്തിയത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ചന്ദ്രനെപ്പോലെ ചെറിയൊരു ആകാശഗോളത്തിന് ഇത്രയും വലിയ അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ എങ്ങനെ കഴിയുന്നു എന്നതായിരുന്നു ഗവേഷകരെ കുഴപ്പിച്ചിരുന്ന പ്രധാന ചോദ്യം.ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ക്ലെയര്‍ നിക്കോളും സംഘവും നടത്തിയ പഠനമനുസരിച്ച്, ചന്ദ്രനിലെ പാറകളിലെ ഉയര്‍ന്ന ടൈറ്റാനിയം സാന്നിധ്യമാണ് ഈ ശക്തമായ കാന്തികക്ഷേത്രത്തിന് കാരണം. ചന്ദ്രന്റെ ഉള്ളില്‍ ആഴത്തില്‍ ടൈറ്റാനിയം അടങ്ങിയ വസ്തുക്കള്‍ ഉരുകി ദ്രാവകാവസ്ഥയിലായതാണ് ഇത്രയും ശക്തമായ കാന്തിക ബലം സൃഷ്ടിച്ചത്. അപ്പോളോ ദൗത്രിക യാത്രക്കാര്‍ ഇറങ്ങിയ സമതല പ്രദേശങ്ങളില്‍ ഇത്തരം പാറകള്‍ കൂടുതലായി കാണപ്പെട്ടിരുന്നതിനാലാണ് ആദ്യകാല പഠനങ്ങളില്‍ ചന്ദ്രന് വലിയ കാന്തികശേഷിയുണ്ടെന്ന തെറ്റിദ്ധാരണ ഉണ്ടായതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നത്, ചന്ദ്രന് എല്ലായ്‌പ്പോഴും ഇത്രയും ശക്തമായ കാന്തികക്ഷേത്രം ഉണ്ടായിരുന്നില്ല എന്നാണ്. ഇത്തരം പ്രതിഭാസങ്ങള്‍ ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുള്ളൂ എന്നും ബാക്കി സമയമെല്ലാം ചന്ദ്രന്റെ കാന്തികക്ഷേത്രം വളരെ ദുര്‍ബലമായിരുന്നു എന്നും പഠനം പറയുന്നു. വരാനിരിക്കുന്ന ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ കൂടുതല്‍ പാറക്കല്ലുകള്‍ ശേഖരിക്കുന്നതോടെ ഈ സിദ്ധാന്തം പൂര്‍ണ്ണമായും സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.