രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

നിയമസഭാ തിരഞ്ഞെടുപ്പ് 2026; വീട്ടിലെ വോട്ട് ജില്ലയില്‍ 6810 പേര്‍ വീട്ടില്‍ നിന്നും വോട്ട് ചെയ്യും പോളിംഗ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി

പൊതു തിരഞ്ഞെടുപ്പ് 2026ന്റെ ഭാഗമായി ജില്ലയിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ഒബ്സര്‍വര്‍ വിജയ് ബാലകൃഷ്ണ വാഗ്മറെ, കാസര്‍കോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറായ നിശാന്ത് അഗര്‍വാള്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറായ അജയ് കുമാര്‍ താഡിയ എന്നിവര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി സംസാരിച്ചു.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘സേവനത്തിലൂടെ ജില്ലയില്‍ 6810 പേര്‍ വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്കും 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍നിന്ന് വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്നത്.ജില്ലയില്‍ ആകെ 10,075 പേര്‍ക്ക് 12D ഫോമുകള്‍ വിതരണം ചെയ്തു. 7,222 പേര്‍ വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് ഫോം പൂരിപ്പിച്ച് തിരികെ നല്‍കി. ഇതില്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം റിട്ടേണിംഗ് ഓഫീസര്‍മാര്‍ 6810 പേരുടെ അപേക്ഷകള്‍ അംഗീകരിച്ചു. 85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചത്.ജില്ലയില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നത്. ഇവിടെ 1675 പേരുടെ അപേക്ഷകളാണ് അംഗീകരിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1673 പേരും ഉദുമയില്‍ 1559 പേരും മഞ്ചേശ്വരത്ത് 1004 പേരും കാസര്‍കോട് 899 പേരും വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്തും. രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍,ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണെത്തുക. റാന്‍ഡമൈസേഷന്‍ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെയും അവരുടെ ബൂത്ത് തല ഏജന്റ് മാരെയും സന്ദര്‍ശന വിവരം അറിയിച്ച് ആയിരിക്കും വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 25 ഉം കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.വോട്ടിങ് മെഷീനുകള്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇനി രണ്ടാം ഘട്ട റാണ്ടമൈസേഷന്‍ കമ്മീഷനിങ്ങിന് മുന്നേ നടത്തും. പോളിങ് ഓഫീഷ്യല്‍സിന്റെ ഒന്നാ ഘട്ട റാണ്ടമൈസേഷന്‍ നടത്തി. പരിശീലനങ്ങള്‍ നടന്നു വരികയാണ്. ഓക്സിലറി ബൂത്ത് അധികമായി അഞ്ചെണ്ണം ലഭിച്ചിട്ടുണ്ട്. ഇതോടെ 1146 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഉള്ളത്.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, മഞ്ചേശ്വരം നിയോജകമണ്ഡലം വരണാധികാരിയായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി രഘുമണി, കാസര്‍കോട് നിയോജകമണ്ഡലം വരണാധികാരിയായ കാസര്‍കോട് ആര്‍.ഡി.ഒ ബിനു ജോസഫ്, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരായ വി.ചന്ദ്രന്‍, ഓഫീസര്‍ ടി.ടി സുരേന്ദ്രന്‍, എല്‍.എ (എന്‍.എച്ച് )സ്പെഷ്യല്‍ തഹസീല്‍ദാര്‍ പി.ഉദയകുമാര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഹാരിസ് ചൂരി, എം.കുഞ്ഞമ്പു നായര്‍,വി രാജന്‍, കെ.എ.എം ഹനീഫ, പി.രമേശ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *