വിവാഹത്തെ പിതാവ് എതിര്‍ത്തതാണ് ക്രൂരമായ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത്
മഹാരാഷ്ട്രയിലെ ചന്ദ്രപുരില്‍ മൂന്ന് വര്‍ഷം മുന്‍പ് നടന്ന പോലീസ് ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. 2023 ഏപ്രില്‍ 25-ന് ഡ്യൂട്ടിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ജയന്ത് ബല്ലാവറിന്റെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, മകളും പോലീസ് ഉദ്യോഗസ്ഥയുമായ ആര്യ തന്റെ കാമുകന്‍ ആശിഷ് ഷെഡ്മകെയുമായി ചേര്‍ന്ന് പിതാവിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഇപ്പോള്‍ കണ്ടെത്തി. വിവാഹത്തെ പിതാവ് എതിര്‍ത്തതാണ് ക്രൂരമായ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സംഭവദിവസം രാവിലെ ആര്യ പിതാവിന് നല്‍കിയ മില്‍ക്ക് ഷേക്കില്‍ മാരകമായ വിഷം കലര്‍ത്തിയിരുന്നു. ബന്ധുവായ ചൈതന്യ ഗേദമിന് 5,000 രൂപ നല്‍കിയാണ് ഇവര്‍ വിഷം സംഘടിപ്പിച്ചത്. മില്‍ക്ക് ഷേക്ക് കഴിച്ച് ജോലിസ്ഥലത്തെത്തിയ ജയന്ത് ബല്ലാവര്‍ അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അന്ന് അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം ആര്യയും ആശിഷും വിവാഹിതരായെങ്കിലും ഇവരുടെ ദാമ്പത്യം തകരുകയും ആശിഷ് പോലീസ് പരിശീലനത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു.