കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി; മെറ്റയ്ക്കും യൂട്യൂബിനും 50 കോടി രൂപ പിഴ

ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെരി ആസക്തിയുണ്ടാക്കുന്ന സവിശേഷതകളെ വിചാരണയ്ക്കിടെ നിഷേധിച്ചെങ്കിലും, കമ്പനിയുടെ തുടക്കകാലത്ത് കൗമാരക്കാരെ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ സമയം പിടിച്ചിരുത്താന്‍
ലക്ഷ്യമിട്ടിരുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് കോടതിയില്‍ സമ്മതിച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കുട്ടികളെ ആസക്തിയിലേക്കും മാനസികാഘാതത്തിലേക്കും നയിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന ആരോപണത്തില്‍ മെറ്റയും യൂട്യൂബും കുറ്റക്കാരാണെന്ന് ലോസ് ഏഞ്ചല്‍സിലെ കോടതി കണ്ടെത്തി. ‘കെജിഎം’ എന്നറിയപ്പെടുന്ന 20 വയസ്സുകാരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ ആപ്പുകളുടെ സവിശേഷതകള്‍ കാരണം തന്റെ ബാല്യകാലം മാനസികമായും സാമൂഹികമായും തകര്‍ക്കപ്പെട്ടുവെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ച കോടതി, ആറ് മില്യണ്‍ ഡോളര്‍ (ഏകദേശം 50 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.നഷ്ടപരിഹാര തുകയുടെ 70 ശതമാനം മെറ്റയും ബാക്കി തുക യൂട്യൂബും നല്‍കണം. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെരി ആസക്തിയുണ്ടാക്കുന്ന സവിശേഷതകളെ വിചാരണയ്ക്കിടെ നിഷേധിച്ചെങ്കിലും, കമ്പനിയുടെ തുടക്കകാലത്ത് കൗമാരക്കാരെ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ സമയം പിടിച്ചിരുത്താന്‍ ലക്ഷ്യമിട്ടിരുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് കോടതിയില്‍ സമ്മതിച്ചു. വരുമാനം വര്‍ദ്ധിപ്പിക്കാനായി കൊണ്ടുവന്ന ‘ഇന്‍ഫിനിറ്റ് സ്‌ക്രോള്‍’ പോലുള്ള ഫീച്ചറുകള്‍ ഉപയോക്താക്കളെ ആപ്പുകളില്‍ തളച്ചിടാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *