രാജപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരത്തിന് തുടക്കമായി ഞായറാഴ്ച ഓശാന തിരുനാള്‍ ആചരിക്കും. സ്‌നേത്തിന്റെയും, ത്യാഗത്തിന്റെയും, പരിത്യാഗത്തിന്റെയും സ്മരണ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തെറി വന്ന യേശുവിനെ ഒലിവുമരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ഓശാന… ഓശാന ദാവീദിന്റെ പുത്രന് ഓശാന എന്നുപാടി ജനങ്ങള്‍ വരവേറ്റ സംഭവത്തെ അനുസ്മരിക്കുന്ന ഓശാന ഞായറോടുകൂടി ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധവാരത്തിലേക്ക് കടക്കുന്നു. ഓശാന ഞായറാഴ്ചക്രൈസ്തവ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങളും കുരുത്തോല വിതരണവും, കുരുത്തോല പ്രദക്ഷിണവും നടക്കുന്നു. രാജപുരം തിരുകുടുംബ ദേവാലയത്തില്‍ ഫൊറോനാ വികാരി ഫാദര്‍ ജോസഫ് അരീചിറ, അസിസ്റ്റന്റ് വികാരി ഫാദര്‍ ഓനായി മണക്കുന്നേല്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പനത്തടി സെന്റ്ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന, കുരുത്തോല പ്രദക്ഷിണം എന്നിവയ്ക്ക് ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍ അസി. വികാരി ഫാ. മെല്‍ബിന്‍ ആലപ്പാട്ടുകുന്നേല്‍,സിഎഫ് ഐ സി ആശ്രമം സുപ്പീരിയര്‍ ഫാ.ജോസ് കളത്തിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് വി.കുര്‍ബാന ഉണ്ടായിരിക്കും. ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. റോജി മുകളേല്‍ നേതൃത്വം നല്‍കും