നാലാഞ്ചിറയിലുള്ള ഒരു സ്വകാര്യ വസ്തുവില്‍ ബിനുവും കുടുംബവും സുഹൃത്തുക്കളും ഇരിക്കവെയാണ് കണ്ണന്‍ അവിടേക്ക് അതിക്രമിച്ചു കയറിയത്
തിരുവനന്തപുരം: ഉള്ളൂരില്‍ പിതാവിനെ മദ്യപിക്കാന്‍ ക്ഷണിച്ചതിലെ വൈരാഗ്യത്തെത്തുടര്‍ന്ന് അച്ഛന്റെ സുഹൃത്തുക്കളെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി കണ്ണനെയാണ് (38) മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ് മര്‍ദനമേറ്റത്. ബിനുവും സുഹൃത്തുക്കളും തന്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാന്‍ ക്ഷണിക്കുന്നതില്‍ കണ്ണന് കടുത്ത വിരോധമുണ്ടായിരുന്നു. നാലാഞ്ചിറയിലുള്ള ഒരു സ്വകാര്യ വസ്തുവില്‍ ബിനുവും കുടുംബവും സുഹൃത്തുക്കളും ഇരിക്കവെയാണ് കണ്ണന്‍ അവിടേക്ക് അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ബിനുവിനെയും ബന്ധുവിനെയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമാസക്തമായതോടെ ബിനു പോലീസില്‍ പരാതി നല്‍കി. കേസ് എടുത്തതിന് പിന്നാലെ കണ്ണന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി അത് തള്ളി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കണ്ണനെ റിമാന്‍ഡ് ചെയ്തു. മദ്യപാന ശീലം കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് ഈ സംഭവം.