ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്കൂവം അളന്നു

ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതി പരിധിയില്‍ ആദ്യമായി അരങ്ങേരുന്ന മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍
തെയ്യംകെട്ടിന്റെ മുന്നോടിയായി കൂവംഅളക്കല്‍ നടന്നു. വലിയൊരു പുരുഷാരത്തെ സാക്ഷ്യമാക്കി വെളിച്ചപ്പാടുകളുടെ അനുബന്ധ അനുഷ്ഠാന നിര്‍വഹണത്തോടെയാണ് കൂവല്‍ അളക്കല്‍ ചടങ്ങ് നടന്നത്. പാലക്കുന്ന് ക്ഷേത്രത്തിലെയും മറ്റു വിവിധ ക്ഷേത്രങ്ങളിലെയും സ്ഥാനികര്‍ നേതൃത്വം നല്‍കി. തിരുമുറ്റത്ത് കൂട്ടിയിട്ട നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ ബാലന്‍ കൊളത്തിങ്കാലാണ് വാല്യക്കാരുടെ സഹായത്തോടെ കൂവം അളന്നത്.
കുണ്ടംകുഴി പഞ്ചലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര, കീഴൂര്‍ ശാസ്താ ക്ഷേത്രങ്ങളിലേക്ക് 21 ഇടങ്ങഴി വീതവും,
കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാടിലേക്ക് 2 പറയും, പനയാല്‍ മഹാ ലിങ്കേശ്വര, കരിപ്പൊടി ശാസ്താ, അരവത്ത് സുബ്രഹ്‌മണ്യ സ്വാമി, പൂച്ചക്കാട് മഹാവിഷ്ണു, ആലക്കോട് മഹാവിഷ്ണു, പാക്കത്തപ്പന്‍ മഹാദേവ, പാക്കം മഹാവിഷ്ണു, ഉദയമംഗലം മഹാവിഷ്ണു, തണ്ണോട്ട് മഹാവിഷ്ണു, രാവണേശ്വരം പെരും തൃക്കോവിലപ്പന്‍ , വാരിക്കാട്ട് മഹിഷ മര്‍ദ്ദിനി, തിരൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവുമാണ് കൂവം അളന്നത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം അടക്കം 13 ആരാധനാലയങ്ങളില്‍ ദീപത്തിന് എണ്ണയും നല്‍കും. തെയ്യംകെട്ടിന് 2 കൈവീതുകള്‍ക്ക് 2 പറ വീതവും അനുബന്ധ ചടങ്ങുകള്‍ക്കായി 7 പറ വീതം പച്ചരിയും പുഴുങ്ങലരിയും അളന്നു.
തറവാട്ടില്‍ മഹോത്സവം നടക്കുമ്പോള്‍ സമീപത്തെ ആരാധനാലയങ്ങളിലെ ദേവതാ സങ്കല്പങ്ങളെ മറന്നുപോകരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് കൂവം അളക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അളന്നു തിട്ടപ്പെടുത്തി ചാക്കുകളില്‍ നിറച്ച കൂവം അളന്ന നെല്ല് ഏറെ വൈകാതെ തന്നെ അതത് ഇടങ്ങളില്‍ എത്തിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ പറഞ്ഞു.ഏപ്രില്‍ 7 മുതല്‍ 9 വരെയാണ് ഇവിടെ തെയ്യംകെട്ട്.

Leave a Reply

Your email address will not be published. Required fields are marked *