ലോക കേള്‍വി ദിനം: ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ലോക കേള്‍വി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ രാംദാസ് എ വി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ ജീജ എം പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അരുണ്‍ പി വി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന പരിശീലന പരിപാടിക്ക് ജില്ലാശുപത്രി കണ്‍സല്‍ട്ടന്റ് ഇ എന്‍ ടി സര്‍ജനും എന്‍ പി പി സി ഡി നോഡല്‍ ഓഫിസറുമായ ഡോ. നിത്യാനന്ദ ബാബു നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഓഡിയോളജിസ്റ്റുമാരായ രാഹുല്‍ എന്‍ (ജില്ലാശുപത്രി കാഞ്ഞങ്ങാട്), ജിതിന വി (ജില്ലാശുപത്രി കാഞ്ഞങ്ങാട്) സനല്‍ കുമാര്‍ (താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍) കാവ്യാ കെ ആനന്ദ് (ജനറല്‍ ആശുപത്രി കാസറഗോഡ്) അജിഷ കെ ആര്‍ (സ്‌പെഷ്യല്‍ ഇസ്ട്രക്ടര്‍-ഹിയറിങ് ഇമ്പയേര്‍ഡ്), ഗീത എം വി (നഴ്‌സിംഗ് ഓഫീസര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ക്കും ആര്‍ ബി എസ് കെ നേഴ്‌സുമാര്‍ക്കുമാണ് പരിശീലനം നല്‍കിയത്.

ദേശീയ ബധിരത പ്രതിരോധ നിയന്ത്രണ പരിപാടി (NPPCD), പ്രതിരോധിക്കാവുന്ന ബധിരത ഇല്ലാതാക്കുന്നതിനും കേള്‍വിക്കുറവ് നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. നവജാത ശിശുക്കളിലെ കേള്‍വി പരിശോധന മുതല്‍ മുതിര്‍ന്നവരിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വരെ ഈ പദ്ധതിക്ക് കീഴില്‍ സൗജന്യമായി ലഭ്യമാക്കുന്നു. സമൂഹത്തില്‍ ശ്രവണാരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനോടൊപ്പം, ചികിത്സിച്ചു ഭേദമാക്കാവുന്ന കേള്‍വിക്കുറവുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സകള്‍ ഉറപ്പാക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങളും പരിശോധനാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതിനായി ജനറല്‍ ആശുപത്രി കാസര്‍ഗോഡ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ ഈ എന്‍ ടി സ്‌പെഷ്യലിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഓഡിയോ മെട്രിക് അസിസ്റ്റന്റ് എന്നിവരുടെ സേവനവും ലഭ്യമാണ്.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ വി. രാംദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *