കൊച്ചി കുറുപ്പംപടിയില്‍ അതിഥി തൊഴിലാളിയായ പ്രതാപചന്ദ്ര ബര്‍മനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സഹപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ പ്രഞ്ജല്‍ ബോറ (30), ബബുള്‍ ബറാലി (30) എന്നിവരാണ് പിടിയിലായത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട പ്രതാപചന്ദ്ര ബര്‍മന്‍ പ്രദേശത്തെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായിരുന്നു.
കുറുപ്പംപടി ഇന്‍സ്‌പെക്ടര്‍ വി. രാജേഷ് കുമാര്‍, എസ്.ഐ ചിത്തു ജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. സീനിയര്‍ സി.പി.ഒമാരായ നൗഫല്‍, അരുണ്‍ കരുണന്‍, സി.പി.ഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വലയിലാക്കിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയതായും കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും കുറുപ്പംപടി പോലീസ് അറിയിച്ചു. മദ്യപാനത്തെത്തുടര്‍ന്നുള്ള സംഘട്ടനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.