ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സര്‍വീസുകളും, തിരിച്ചുള്ള 24 സര്‍വീസുകളുമാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ മസ്‌കത്ത് – കൊച്ചി – മസ്‌കത്ത് റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുന്നത് യാത്രക്കാര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. അതേസമയം, ഷാര്‍ജ വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും, സൗദിയ എയര്‍ലൈന്‍സ് വിവിധ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കിയത് മാര്‍ച്ച് 4 വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് കൃത്യസമയത്തെ വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മേഖലയിലെ സൈനിക നീക്കങ്ങള്‍ ശക്തമായി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഒമാന്‍, കുവൈത്ത്, ദുബായ്, അബുദാബി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങളെല്ലാം നിലവിലെ അനിശ്ചിതാവസ്ഥ മൂലം പ്രതിസന്ധിയിലാണ്. സംഘര്‍ഷം അയവില്ലാതെ തുടരുന്നത് പ്രവാസികളുടെ മടക്കയാത്രയെയും മറ്റ് അടിയന്തര യാത്രകളെയും വരും ദിവസങ്ങളിലും സാരമായി ബാധിച്ചേക്കും.