വിരമിച്ച കപ്പലോട്ടക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്ഷേമാശ്വാസം: ഉപാധിയില്ലാതെ 75 പിന്നിട്ട മുഴുവന്‍ പേര്‍ക്കും നല്‍കണമെന്ന ആവശ്യം ശക്തം

പാലക്കുന്ന് : 75 വയസ്സ് പിന്നിട്ട മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് സിഫെയറേഴ്‌സ് വെല്‍ഫെയര്‍ ഫണ്ടില്‍ (എസ് ഡബ്ല്യൂ എഫ് എസ്) നിന്ന് ഒരു ഒരു ലക്ഷം രൂപ വീതം സമാശ്വാസമായി ലഭിക്കും എന്ന വാര്‍ത്ത രാജ്യത്തെ നൂറു കണക്കിന് കപ്പലോട്ടക്കാര്‍ ഏറെ ആഹ്ലാദഹര്‍ഷത്തോടെയാണ് സ്വീകരിച്ചത്. അതേ സമയം അറിയിപ്പിലെ നിബന്ധനകളിലെ ഉപാധിയില്‍ വ്യാപകമായ പ്രതിഷേധവും ഉയരുകയാണ്. 75 വയസ്സ് പിന്നിട്ടവര്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും ആ പ്രായം പിന്നിട്ട ബഹുഭൂരിപക്ഷം പേരും ഇതില്‍ നിന്ന് ഒഴിവാകും എന്നതാണ് വാസ്തവം. 2026 ജനുവരി ഒന്നിന് ശേഷം 75 പൂര്‍ത്തിയാകുന്നവര്‍ 12 മാസത്തിനകം അപേക്ഷ നല്‍കണമെന്നാണ് അറിയിപ്പ്. ഇതേ രീതിയില്‍ തുടര്‍ വര്‍ഷങ്ങളില്‍ 75 പൂര്‍ത്തിയാകുന്നവര്‍ക്ക് അതത് വര്‍ഷം അപേക്ഷ സമര്‍പ്പിക്കാം. പക്ഷേ ഈ വര്‍ഷം ജനുവരി ഒന്നിന് മുന്‍പേ 75 പിന്നിട്ടവര്‍ ഈ പദ്ധതിയില്‍ നിന്ന് പുറത്താകുമെന്നതാണ് പലരും തഴയപ്പെടാന്‍ കാരണം. നൂറുകണക്കിന് അംഗങ്ങളുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നടന്ന പരിശോധനയില്‍ ഈ വര്‍ഷം ഈ ആനുകൂല്യത്തിന് അര്‍ഹനാകുന്നത് 13 പേര്‍ മാത്രമാണ്. തുടര്‍ വര്‍ഷങ്ങളില്‍ 75 പൂര്‍ത്തിയാകുന്നവര്‍ക്ക് അതത് വര്‍ഷം അപേക്ഷിക്കാമെങ്കിലും നിലവില്‍ 75 പിന്നിട്ടവര്‍ ഇതിന് അര്‍ഹരാവില്ല എന്നതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാകുന്നത്.

പ്രതിഷേധം ശക്തം

പ്രതിമാസ പെന്‍ഷന്‍ പോലുമില്ലാതെ ദുരിതത്തിലായ വിരമിച്ച കപ്പലോട്ടക്കാര്‍ക്ക് മുംബൈ കേന്ദ്രമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഫെയറേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് സൊസൈറ്റിയുടെ ക്ഷേമാശ്വാസ പ്രവര്‍ത്തനങ്ങളെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സംഘടനയായ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് യോഗം അഭിനന്ദിച്ചു. പക്ഷേ ഇപ്പോള്‍ പുറപ്പെടുവിച്ച വാര്‍ധക്യകാല ആനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള നിബന്ധനകളിലെ ഉപാധി ഒഴിവാക്കി 75 വയസ്സ് പിന്നിട്ട മുഴുവന്‍ ജീവനക്കാര്‍ക്കും ഈ വാര്‍ധക്യകാല ക്ഷേമാശ്വാസം ലഭ്യമാക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുംബൈ എസ് ഡബ്ല്യൂ എഫ് എസ് ഓഫീസര്‍ക്ക് പരാതി സമര്‍പ്പിക്കും. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. യു.കെ. ജയപ്രകാശ്, എം.വി.ബാലകൃഷ്ണന്‍, നാരായണന്‍ കുന്നുമ്മല്‍, എ.കെ. അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. അപേക്ഷ ഫോമുകള്‍ ക്ലബ്ബില്‍ നിന്ന് വിതരണം ചെയ്തു തുടങ്ങി. ഈ വര്‍ഷം ജനുവരി ഒന്നിന് ശേഷം 75 വയസ്സ് പിന്നിട്ടവര്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. 50 വയസ്സിന് ശേഷം 6 മാസമെങ്കിലും ജോലി ചെയ്തിരിക്കണമെന്ന തെളിവിനായി സിഡിസി യിലെ ആ പേജ് ഒപ്പം ഉണ്ടായിരിക്കണം..

Leave a Reply

Your email address will not be published. Required fields are marked *