രാജപുരം: കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച് നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ സെന്റ് മേരീസ് എ.യു.പി. സ്‌കൂള്‍ മാലക്കല്ലിലെ പൂര്‍വവിദ്യാര്‍ഥിനിയും കേരളത്തിലെ അതിവേഗ ഓട്ടക്കാരിയുമായ ജില്‍ഷ ജിനിലിന് ആദരവ് അര്‍പ്പിച്ച് സെന്റ് മേരിസ് എയുപിഎസ് മാലക്കല്ല് സ്‌കൂള്‍ വിപുലമായ സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചു. ജില്‍ഷയുടെ നേട്ടങ്ങളെ ആഘോഷമാക്കുന്നതിനായി സംഘടിപ്പിച്ച വിളംബരജാഥയും സ്വീകരണച്ചടങ്ങിന് ആവേശം പകര്‍ന്നു.
കായികതാരത്തിന്റെ വിജയത്തെ നാടിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്നതിനും വിദ്യാര്‍ഥികളില്‍ കായികാഭിരുചി വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിളംബരജാഥയില്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂള്‍ അധികൃതരും പങ്കെടുത്തു.
വിളംബര ജാഥയ്ക്ക് ശേഷം സ്‌കൂള്‍ അസംബ്ലി ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ പൂര്‍വവിദ്യാര്‍ഥിനിയെ ആദരിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കായികരംഗത്ത് മുന്നേറാനുള്ള പ്രചോദനം നല്‍കാന്‍ കഴിയുമെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
മുന്‍ പ്രധാനാധ്യാപകന്‍ സജി എം.എ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ് , മുന്‍ കായികാധ്യാപകന്‍ ജോസ് ജോര്‍ജ്ജ്, പി.ടി.എ. പ്രസിഡന്റ് സജി എ സി, മദര്‍ പി.ടി.എ. പ്രസിഡന്റ് സുമിഷ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
ആദരിക്കപ്പെട്ട കായികതാരം ജില്‍ഷ ജിനില്‍ മറുപടി പ്രസംഗം നടത്തി. തന്റെ കായികയാത്രയില്‍ വിദ്യാലയവും അധ്യാപകരും നല്‍കിയ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുകയും ചെയ്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മോളി ജോസഫ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ജോയിസ് ജോണ്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയവരുടെ പങ്കാളിത്തം പരിപാടിക്ക് മികവേകി.