കേരളത്തിലോടുന്ന രണ്ട് പ്രധാന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. ജനുവരി ഒന്നുമുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ (12081/12082), കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് (12075/12076) ജനശതാബ്ദികളുടെ ട്രെയിന്‍ നമ്പറുകളിലും മാറ്റമുണ്ടാകും.
മണിക്കൂറില്‍ ശരാശരി 55 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള ട്രെയിനുകള്‍ക്കാണ് സാധാരണയായി റെയില്‍വേ സൂപ്പര്‍ഫാസ്റ്റ് പദവി നല്‍കുന്നത്. എന്നാല്‍ കൃത്യമായ നിരീക്ഷണത്തിന് ശേഷം വേഗത കുറയുന്ന വണ്ടികളെ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാറുണ്ട്. ഗരീബ് രഥ് ഉള്‍പ്പെടെ രാജ്യത്തെ പത്തോളം ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി അടുത്തിടെ റെയില്‍വേ ഇതുപോലെ ഒഴിവാക്കിയിരുന്നു.
സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിയുന്നതോടെ ജനശതാബ്ദി യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ നേരിയ ആശ്വാസം ലഭിക്കും. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഈടാക്കിയിരുന്ന 15 രൂപ മുതല്‍ 45 രൂപ വരെയുള്ള സപ്ലിമെന്ററി നിരക്ക് ഇനിമുതല്‍ ഈടാക്കില്ല. ഇതോടെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സെക്കന്‍ഡ് സിറ്റിങ് റിസര്‍വേഷന്‍ നിരക്ക് 235 രൂപയില്‍ നിന്ന് 220 രൂപയായും, എ.സി. ചെയര്‍കാര്‍ നിരക്ക് 780 രൂപയില്‍ നിന്ന് 735 രൂപയായും കുറയും.
കേരളത്തിലോടുന്ന ചില ഇന്റര്‍സിറ്റി ട്രെയിനുകള്‍ സാധാരണ എക്സ്പ്രസുകളല്ല, മറിച്ച് സൂപ്പര്‍ഫാസ്റ്റുകളാണ്. ഉദാഹരണത്തിന്, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് ഈടാക്കുമ്പോള്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ സൂപ്പര്‍ഫാസ്റ്റ് സപ്ലിമെന്ററി നിരക്ക് ഈടാക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.