എരുമേലി കൊലപാതകക്കേസ്; കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കോട്ടയം: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തില്‍ ഭര്‍ത്താവിനെ വീടുകയറി ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എരുമേലി, വെള്ളാവൂര്‍ വില്ലേജ്, ഏറത്ത് വടകര കരയില്‍ അനൂപ് ആര്‍. നായര്‍ക്ക് (37) ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി- ഒന്ന് ജഡ്ജി കെ. ലില്ലിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്ക്കും പുറമേ, വീടുകയറി അതിക്രമം കാട്ടിയതിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2020 ജനുവരി 15-ന് പുലര്‍ച്ചെ ഒരു മണിയോടെ എരുമേലി ശ്രീനിപുരം കോളനി ഭാഗത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധം വിജയകുമാര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അര്‍ധരാത്രിയോടെ കത്തിയുമായി വിജയകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന വിജയകുമാറിനെ വിളിച്ചുണര്‍ത്തി വീടിന്റെ തിണ്ണയില്‍ വെച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു.

സംഭവസമയത്ത് പിതാവിന് പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകന്‍ കൊലപാതകം നേരില്‍ കണ്ടിരുന്നു. കുട്ടിയുടെ ദൃക്‌സാക്ഷിമൊഴിയാണ് കേസില്‍ പ്രോസിക്യൂഷന് നിര്‍ണായക തെളിവായത്. എരുമേലി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മീരാ എസ്.എസ്., അഡ്വ. അര്‍ജുന്‍ വി.എസ്. എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *