ഷിറിയ പുഴയുടെ ടൂറിസം സാധ്യതകള്‍ക്ക് പുതുവഴിയൊരുക്കാന്‍ ദേശീയതല ചൂണ്ടയിടല്‍ മത്സരംസംഘാടക സമിതി യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലയിലെ പുഴകളുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘കാസര്‍കോട് ആംഗ്ലിങ് ചാമ്പ്യന്‍ഷിപ്പ് 2026’ എന്ന പേരില്‍ ദേശീയതല ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കും. നവംബര്‍ 15ന് അരിക്കാടി-കുമ്പള മേഖലയിലെ ഷിറിയ പുഴയുടെ തീരത്താണ് മത്സരം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കുമ്പള ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഷിറിയ പുഴയുടെയും ജില്ലയിലെ മറ്റു പുഴകളുടെയും ടൂറിസം സാധ്യതകള്‍ ദേശീയതലത്തില്‍ പരിചയപ്പെടുത്തുക, ഉത്തരവാദിത്ത ടൂറിസവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ജനങ്ങള്‍ക്ക് തൊഴില്‍-ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കുക, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ചുള്ള വിനോദസഞ്ചാര വികസനം സാധ്യമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 40000, 30000, 20000 എന്നിങ്ങനെ ക്യാഷ് പ്രൈസ് സമ്മാനിക്കും.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ അര്‍ജുനന്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ പരിപാടി വിശദീകരിച്ചു. അഷ്‌റഫ് കര്‍ള, എം.എസ്. മൊയ്തു കൊളിയടുക്ക, പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, റഫീഖ്, കെ.പി. മുനീറുദ്ദീന്‍, സി.വി ജെയിംസ് എന്നിവര്‍ സംസാരിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ ഡി.ടി.പി.സി കാസര്‍കോടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *