കൊല്ലം: പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് കുട്ടിയുടെ ശരീരഭാരത്തിന് അനുസരിച്ചുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ വാക്‌സിന്‍ ഡോസ് കൃത്യമായി തന്നെ നല്‍കിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മേധാവിക്ക് കൈമാറി.
കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് ഏപ്രില്‍ എട്ടിനാണ് നിയ ഫൈസലിന് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മെയ് മാസത്തിലാണ് കുട്ടി മരണപ്പെടുന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിന്‍ വാക്‌സിന്‍ കുത്തിവെച്ചതില്‍ ഗുരുതര പിഴവ് സംഭവിച്ചെന്നും പരിചരണത്തില്‍ അലംഭാവമുണ്ടായെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.
കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ നാല് ജീവനക്കാരെ പ്രതിചേര്‍ത്ത് പുനലൂര്‍ പോലീസ് എടുത്ത കേസില്‍ നടത്തിയ പുനരന്വേഷണത്തിലാണ് ഇപ്പോള്‍ ചികിത്സാ പിഴവില്ലെന്ന കണ്ടെത്തല്‍. അതേസമയം, മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ണായക നിഗമനങ്ങള്‍ക്ക് ശേഷം മാത്രമേ ചികിത്സാ പിഴവ് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൂടി വന്ന ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.