കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തിയ വിജിലന്‍സ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകള്‍ പിടിച്ചെടുത്തു. ‘കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളുടെ രേഖകളും കരാറുകളുമാണ് പോലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
കാര്‍ട്ടണ്‍ ഇന്ത്യക്ക് ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ 12 കോടി രൂപയുടെ പദ്ധതികളാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് നല്‍കിയതെന്നും, ഇതിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നുമാണ് പ്രധാന ആരോപണം.
പൊതുമേഖലാ സ്ഥാപനമായ ‘സില്‍ക്കി’നാണ് ജില്ലാ പഞ്ചായത്ത് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍വഹണത്തിന്റെ ചുമതല കൈമാറിയത്. എന്നാല്‍, സില്‍ക്ക് മുഖേന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. ഔദ്യോഗിക ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ കമ്പനിക്ക് വഴിവിട്ട് ഉപകരാര്‍ നല്‍കിയതിലെ ദുരൂഹതകളും വിജിലന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്.
അതിനിടെ, കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കീഴില്‍ 22 സ്‌കൂളുകളില്‍ കാര്‍ട്ടണ്‍ ഇന്ത്യ നടപ്പാക്കിയ പദ്ധതികളിലും സമാനമായ ക്രമക്കേടുകള്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന് പണം നല്‍കിയെന്ന് കമ്പനി എം.ഡി വ്യക്തമാക്കുന്ന ഒരു ശബ്ദരേഖയും പുറത്തുവന്നു. എന്നാല്‍, താന്‍ യാതൊരു അഴിമതിയും നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാനവാസ് പാദൂര്‍ അറിയിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ വിശദീകരണം.