പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ‘വിദ്യാകിരണം’;ജില്ലയില്‍ ഏഴ് കെട്ടിട്ടങ്ങള്‍ ഉദ്ഘാടന സജ്ജം

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി വിദ്യാകിരണം പദ്ധതി. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ പദ്ധതിയിലുള്‍പ്പെട്ട 85 സ്‌കൂളുകളില്‍ 54 കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതില്‍ ഏഴ് സ്‌കൂളുകള്‍ ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞു.

അഞ്ച് കോടി രൂപയുടെ പദ്ധതികളില്‍ ആകെ അനുവദിച്ച അഞ്ച് വിദ്യാലയങ്ങളുടെയും കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്ന് കോടി രൂപയുടെ പദ്ധതികളില്‍ അനുവദിച്ച 27 സ്‌കൂളുകളില്‍ 14 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതില്‍ 10 സ്‌കൂളുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഒരെണ്ണം സാങ്കേതിക നടപടികളുടെ ഘട്ടത്തിലാണ്. ഒരു കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട 53 സ്‌കൂളുകളില്‍ 35 കെട്ടിടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എട്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ജി.എച്ച്.എസ്.എസ് പൈവളിഗെ നഗര്‍, ജി.എച്ച്.എസ്.എസ് പെര്‍ഡാല, ജി.വി.എച്ച്.എസ്.എസ് ദേലംപാടി, ജി.എച്ച്.എസ്.എസ് അടൂര്‍, ജി.ഡബ്ല്യു.എച്ച്.എസ്.എസ് പാണത്തൂര്‍, ജി.എച്ച്.എസ്.എസ് കാലിച്ചാനടുക്കം, ജി.എച്ച്.എസ്.എസ് കൊട്ടോടി എന്നീ വിദ്യാലയങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിട്ടങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന-ബോധന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും അക്കാദമിക ഗുണനിലവാരത്തിലും വലിയ മുന്നേറ്റം ഉണ്ടാകാന്‍ പദ്ധതിയിലൂടെ കഴിഞ്ഞതായി വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ ടി.പ്രകാശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *