സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ രാജ്യത്തുടനീളം പുരോഗമിക്കുന്നു. ഫെബ്രുവരി 17-ന് ആരംഭിച്ച പരീക്ഷകളില്‍ പത്താം ക്ലാസില്‍ നിന്ന് 25 ലക്ഷവും പന്ത്രണ്ടാം ക്ലാസില്‍ നിന്ന് 18.5 ലക്ഷവും വിദ്യാര്‍ത്ഥികളാണ് ഇത്തവണ പങ്കെടുക്കുന്നത്. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 10-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 10-നും അവസാനിക്കും. ശാസ്ത്ര, ഗണിത വിഷയങ്ങളിലെ ചോദ്യപേപ്പറുകളുടെ നിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും പരീക്ഷാ നടപടികള്‍ സുഗമമായി മുന്നോട്ട് പോവുകയാണ്.
പരീക്ഷാ ഫലത്തിന്റെ കൃത്യമായ തീയതി സിബിഎസ്ഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുന്‍വര്‍ഷങ്ങളിലെ പ്രവണത അനുസരിച്ച് 2026 മെയ് പകുതിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും മെയ് 12, 13 തീയതികളിലായിരുന്നു ഫലം വന്നത്. സ്‌കൂള്‍, കോളേജ് പ്രവേശനങ്ങളിലും മത്സര പരീക്ഷകളിലും ഈ ഫലം നിര്‍ണ്ണായകമായതിനാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പ്രതീക്ഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വിജയശതമാനം പരിശോധിച്ചാല്‍ പത്താം ക്ലാസില്‍ 90 ശതമാനത്തിന് മുകളിലും പന്ത്രണ്ടാം ക്ലാസില്‍ 85 ശതമാനത്തിന് മുകളിലും വിജയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2026 മുതല്‍ പത്താം ക്ലാസ് പരീക്ഷാ ഘടനയില്‍ സിബിഎസ്ഇ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളും ഒന്നാം ബോര്‍ഡ് പരീക്ഷ എഴുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് വിഷയങ്ങള്‍ വരെ വീണ്ടും എഴുതാന്‍ അവസരം ലഭിക്കും. എന്നാല്‍ മൂന്നിലധികം വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ ”എസന്‍ഷ്യല്‍ റിപ്പീറ്റ്” വിഭാഗത്തില്‍ വരികയും അടുത്ത വര്‍ഷം മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, പത്താം ക്ലാസ് പാസായ ശേഷം അധിക വിഷയങ്ങള്‍ ഒറ്റയ്ക്ക് എഴുതാന്‍ കഴിയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.