ഓട്ടം പോയില്ല; തൃശ്ശൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

തൃശ്ശൂര്‍: പുതുക്കാട് ഓട്ടം പോകാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ യുവാക്കളുടെ ക്രൂരമായ മര്‍ദനം. അക്രമം തടയാന്‍ ശ്രമിച്ച വ്യക്തിയെ സംഘം ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടകര സ്വദേശി വിഷ്ണു, വാസുപുരം സ്വദേശി ആയുഷ്, ചാലക്കുടി സ്വദേശി ജോര്‍ജ്, കുറ്റിക്കാട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഓട്ടം പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മോഹനനെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പുതുക്കാട് സ്വദേശി ബിജോയെ സംഘം ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. വയറിന് പരിക്കേറ്റ ബിജോ നിലവില്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനിടെ മറ്റൊരു വ്യക്തിയുടെ പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം ബാര്‍ കോമ്പൗണ്ടില്‍ അഴിഞ്ഞാടിയ സംഘം അവിടെയുണ്ടായിരുന്ന ബൈക്കുകളും ലൈറ്റുകളും തകര്‍ത്തു. തുടര്‍ന്ന് പുറത്തിറങ്ങി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനുകളുടെ ചില്ലുകളും കല്ലെറിഞ്ഞ് തകര്‍ത്തു. സംഭവസ്ഥലത്തെത്തിയ പോലീസ് യുവാക്കളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *