പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ നര്‍ത്തകനായി കളനാട് പ്രാദേശികം വാണിയര്‍ മൂലയിലെ സി. അരവിന്ദന്‍ കോമര സ്ഥാനമേല്‍ക്കും. നീലേശ്വരം മേക്കാട്ട് കുഞ്ഞിക്കണ്ണന്‍ കോമരത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ഏഴ് വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്തേക്ക് ക്ഷേത്ര തിരുനടയില്‍ നടന്ന പ്രശ്‌നചിന്തയിലാണ് അരവിന്ദന് കോമരസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗമായത്.
അതിന് മുന്നോടിയായി അരവത്ത് കെ.യു. പത്മനാഭ തന്ത്രിയുടെ അനുഗ്രഹം വാങ്ങി ഇന്ന് (21)രാവിലെ ക്ഷേത്ര അച്ചന്മാരോടും ഭാരവാഹികളോടും കുടുംബാംഗങ്ങളോടൊപ്പം നിയുക്ത കോമരം, ചിറക്കല്‍ കോവിലകത്തെത്തി വലിയ രാജയില്‍ നിന്ന് ആചാര പദവി ഏറ്റെടുക്കും. നാളെ (22) രാവിലെ കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ 9.44 നും 11.35നും മധ്യേ നടക്കുന്ന അനുബന്ധ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ രാഘവന്‍ കോമരത്തില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച് അരവിന്ദന്‍ കോമര സ്ഥാനത്തേക്ക് ആചാരപ്പെടും. പരേതരായ ചന്തുവിന്റെയും ചെറിയയുടെയും മകനാണ് 51 കാരനായ അരവിന്ദന്‍.