മനസാന്നിധ്യത്തിന്റെ മറുപേരായി നിരഞ്ജന്‍ ജാദവ്

കൊച്ചി: ഞൊടിയിടയില്‍ സംഭവിച്ച അശ്രദ്ധയില്‍ മുംബൈ സ്വദേശി നിരഞ്ജന്‍ ജാദവിന് നഷ്ടമായത് ഇരു കാലുകളുമായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, എതിരെ വന്ന ട്രെയിന്‍ തട്ടിയുണ്ടായ അപകടം നിരഞ്ജന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. അതുവരെ സാധാരണമായിരുന്ന കാര്യങ്ങളെല്ലാം പിന്നീടങ്ങോട്ട് അസാധാരണമായി. അരയ്ക്കുതാഴെ നഷ്ടമായ കാലുകളെയോര്‍ത്ത് കരഞ്ഞ ദിനങ്ങള്‍, ആശുപത്രിവാസങ്ങള്‍, പ്രതിസന്ധികള്‍ ഇവയെല്ലാം ജീവിതത്തെ കൂടുതല്‍ കരുത്തുള്ളതാക്കി. മനസാന്നിധ്യത്താല്‍ മാരത്തണ്‍ ട്രാക്കുകളെ കീഴ്‌പ്പെടുത്തുന്ന നിരഞ്ജന്‍ ജാദവിന്റെ പങ്കാളിത്തം, ഇന്‍ഫോപാര്‍ക്കില്‍ നടന്ന ജി- ടെക് മാരത്തണിലെ മത്സരാത്ഥികള്‍ക്കു ആവേശമായി. 21.1 കിലോമീറ്റര്‍ ഹാഫ് മരത്തണിലാണ് അന്‍പത്തിനാലുകാരന്‍ നിരഞ്ജന്‍ ജാദവ് പങ്കെടുത്തത്. പൂര്‍ണ ആരോഗ്യമുള്ളവരുടെ കൂടെ വീല്‍ചെയറില്‍ മത്സരിച്ച നിരഞ്ജന്‍ ജാദവ്, 2 മണിക്കൂര്‍ 43 മിനിറ്റ് സമയത്തിനുള്ളിലാണ് ഹാഫ് മാരത്തണ്‍ പൂര്‍ത്തീകരിച്ചത്. അപകടത്തിനുശേഷം 44 ദീര്‍ഘദൂര മാരത്തണുകള്‍ പൂര്‍ത്തീകരിച്ച നിരഞ്ജന്‍ ജാദവ് കേരളത്തില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. ‘ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബന്ധുവിനെ കാണാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. വിരാര്‍ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു ട്രെയിന്‍ കുതിച്ചെത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പേ എല്ലാം കഴിഞ്ഞിരുന്നു’. അപകടത്തെക്കുറിച്ച് നിരഞ്ജന്‍ ജാദവ് മനസുതുറന്നു.

പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത, സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തണില്‍ ഭാഗമായതിന്റെ സന്തോഷവും നിരഞ്ജന്‍ മറച്ചുവെച്ചില്ല. ലഹരിക്കെതിരെ വലിയ രീതിയില്‍ സാമൂഹിക മുന്നേറ്റം ആവശ്യമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും യുവാക്കള്‍ ആരോഗ്യകരമായ ജീവിതരീതി പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വൈകല്യമുള്ളവര്‍ നാലു ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെടേണ്ടവരല്ലെന്ന സന്ദേശമാണ് നിരഞ്ജന്‍ ജാദവിന്റെ പങ്കാളിത്തത്തിലൂടെ തെളിയുന്നത്. ആര്‍ദ്രവും കരുണയുമുള്ള ലോകമാണ് ചുറ്റുമുള്ളതെന്നും അത്തരം ആളുകള്‍ ഒരുക്കിത്തരുന്ന അവസരങ്ങളെ പൂര്‍ണമായും വിനിയോഗിക്കണമെന്നും നിരഞ്ജന്‍ ജാദവ് സ്വജീവിതത്താല്‍ അടയാളപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *