സംസ്ഥാനത്തെ മികച്ച ജില്ലാ ജാഗ്രത സമിതി അംഗീകാരനിറവില്‍ കാസര്‍കോട്; കരുതലായി വിപുലമായ സംവിധാനങ്ങള്‍

2024-25 വര്‍ഷത്തെ കേരള വനിതാ കമ്മീഷന്റെ മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജാഗ്രത സമിതിക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് സമിതിയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുകള്‍ ഉണ്ടാകുമ്പോഴും അവര്‍ക്കെതിരെ പ്രശ്നങ്ങള്‍ ഉയരുമ്പോഴും ഇടപെടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സംവിധാനമാണ് ജാഗ്രത സമിതി. കേരള വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ കൃത്യമായ ഘടനയോടെയാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ വനിതാ കമ്മീഷന്‍, അതിനു താഴെ ജില്ലാ ജാഗ്രത സമിതി, തുടര്‍ന്ന് ഗ്രാമ, മുനിസിപ്പല്‍ ജാഗ്രത സമിതി, ഏറ്റവും താഴെത്തട്ടില്‍ വാര്‍ഡ് ജാഗ്രത സമിതി എന്നിങ്ങനെയാണ് പ്രവര്‍ത്തന സംവിധാനം. വാര്‍ഡ് തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തവ ഗ്രാമ, മുനിസിപ്പല്‍ സമിതിയിലേക്കും, അവിടെയും തീരാത്തവ ജില്ലാ ജാഗ്രത സമിതിയിലേക്കും കൈമാറും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണ്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെസ് ചെയര്‍പേഴ്സണ്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കണ്‍വീനറുമായുള്ള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ജില്ലാ പോലീസ് മേധാവി, ആര്‍ ഡി ഒ, ഡി.എം.ഒ, വനിതാ സാമൂഹ്യ പ്രവര്‍ത്തക, എസ്.സി,എസ്.ടി വിഭാഗത്തില്‍പെട്ട സാമൂഹിക പ്രവര്‍ത്തക, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട 12 അംഗ സമിതിയാണ് ജില്ലാതലത്തില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.. കൂടാതെ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസം, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, ജെ.ഡി ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍, എന്‍ജിഒ പ്രതിനിധി എന്നിവര്‍ ക്ഷണിതാക്കളായും ജില്ലാ ജാഗ്രതാ സമിതി സിറ്റിംഗില്‍ പങ്കെടുക്കുന്നു. ജില്ലാ പഞ്ചായത്തില്‍ എത്തുന്ന പരാതികള്‍ പരിഹരിക്കുന്നതിനും കൗണ്‍സിലിംഗ് നല്‍കുന്നതിനും മുഴുവന്‍ സമയ കൗണ്‍സിലറെയും, ആവശ്യമാകുന്ന പക്ഷം ലീഗല്‍ കൗണ്‍സിലിംഗ് നല്‍കുന്നതിന് വക്കീലിനെയും ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.

2021ല്‍ സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി.സതീദേവിയാണ് കാസര്‍കോട് ജില്ലാ ജാഗ്രത സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് 241 കേസുകളാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇതില്‍ 175 പരാതികള്‍ക്കും പരിഹാരമായി. പരിഹരിക്കപ്പെടാത്തവയില്‍ 12 പരാതികള്‍ വനിതാ കമ്മീഷനിലേക്കും 20 പരാതികള്‍ ഡി.എല്‍.എസ്.എയിലേക്കും (DLSA), 23 എണ്ണം ഗ്രാമപഞ്ചായത്തുകളിലേക്കും കൈമാറി. കേവലം പരാതി പരിഹാരത്തിനപ്പുറം 954 പേര്‍ക്ക് സൗജന്യ കൗണ്‍സിലിംഗും 100 പേര്‍ക്ക് നിയമ സഹായവും 42 പേര്‍ക്ക് പോലീസ് സഹായവും 11 പേര്‍ക്ക് ഷെല്‍ട്ടര്‍ സൗകര്യവും ലഭ്യമാക്കി. ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ മൂലം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത 76 പേരുടെ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു.

സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലയിലുടനീളം 131 ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഇവയില്‍ സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെ 15000 ല്‍ അധികം പേര്‍ പങ്കെടുത്തു. കൗമാരക്കാര്‍ക്കായി ‘വര്‍ണ്ണക്കൂട്ട്’ എന്ന പേരില്‍ പ്രത്യേക ക്ലാസുകള്‍, കോളേജുകളില്‍ പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ്, ജന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, സാമ്പത്തിക മാനേജ്മെന്റ് ക്ലാസുകള്‍ എന്നിവയും സജീവമായി നടക്കുന്നു.

ജില്ലാ പഞ്ചായത്ത് 10,67,470 രൂപയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. പരാതിക്കാര്‍ക്ക് നേരിട്ടോ, സുഹൃത്തുക്കള്‍ വഴിയോ, വാര്‍ഡ് മെമ്പര്‍, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ വഴിയോ അതത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച ജില്ലാ ജാഗ്രത സമിതിക്കുള്ള അവാര്‍ഡ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചെയര്‍പേഴ്സനും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.ഹഫ്സത്ത് കണ്‍വീനറുമായുള്ള സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പി സുകുമാരി കൗണ്‍സിലറായും, അഡ്വക്കേറ്റ് പി.പി ശ്യാമള ദേവി ലീഗല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചുവരുന്നു. പരാതിക്കാര്‍ക്ക് നേരിട്ടോ ഫോണ്‍ മുഖാന്തിരമോ, രേഖാമൂലമോ പരാതിപ്പെടാവുന്നതാണ്. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ജാഗ്രത സമിതിയുടെ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ജാഗ്രത സമിതിയില്‍ എത്തുന്ന പരാതികള്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയും മനുഷ്യത്വപരവും, നിയമാനുസൃതം മനശാസ്ത്രപരമായ സമീപനത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. അടിയന്തിര സ്വഭാവമുള്ള ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രതാ സമിതി സ്വമേധയാ പരാതി ഏറ്റെടുക്കുകയും ഫീല്‍ഡ് വിസിറ്റിംഗ് നടത്തി കാര്യങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തു വരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലാണ് ജാഗ്രതാ സമിതി ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. ഫോണ്‍- 04994257791,04994256722.

Leave a Reply

Your email address will not be published. Required fields are marked *