പാലക്കുന്ന്: കബഡി പരിശീലിപ്പിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു അക്കാദമിക്ക് തുടക്കമിട്ട പഞ്ചായത്ത് എന്ന ബഹുമതി ഉദുമയ്ക്ക് സ്വന്തം.
കബഡിയില്‍ അത്രമേല്‍ ആകൃഷ്ടരായ കായിക പ്രേമികളുടെ തട്ടകമാണ് കാസര്‍കോട് ജില്ല. കബഡി കളിച്ച് ദേശീയ തലം വരെ എത്തിയവരുടെ നാടാണിത്. പുരുഷന്മാരെ പോലെ സ്ത്രീകളും കുട്ടികളും കബഡി കളിച്ച് മികവ് തെളിയിച്ച നാട്ടില്‍ ആ കളിയെ പ്രോത്സാഹിപ്പിക്കാന്‍ അതിനായി ഒരു അക്കാദമിയുടെ അനിവാര്യത കണക്കിലെടുത്ത് തൊട്ടുമുമ്പത്തെ ഉദുമ പഞ്ചായത്ത് ഭരണസമിതിയാണ് അതിന് തുടക്കമിട്ടത്. മുന്‍ പ്രസിഡന്റ് പി ലക്ഷ്മി ചെയര്‍മാനായും
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന്‍ കണ്‍വീനറുമായി 9 അംഗ കമ്മിറ്റിയ്ക്ക് രൂപം നല്‍കി ഉദുമ കബഡി അക്കാദമിക്ക് തുടക്കമിട്ടു. തുടര്‍ന്നുവന്ന നിലവിലെ ഭരണസമിതിയും അതേ സ്പിരിറ്റില്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായി. പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഫൗസിയ അബൂബക്കര്‍, വാര്‍ഡ് അംഗം കരീം നാലാംവാതുക്കല്‍ എന്നിവര്‍ അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്താനും കുട്ടികളെയും പരിശീലകരെയും പരിചയപ്പെടാനും കഴിഞ്ഞ ദിവസം കളത്തിലെത്തി.
ആദ്യഘട്ടത്തില്‍ 10നും 16നും ഇടയിലുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കണ്ടെത്താന്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സെലക്ഷന്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 192 കുട്ടികളാണ് ആ ക്യാമ്പില്‍ പങ്കെടുത്തത്. തുടക്കത്തില്‍ 30 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂന്നുവര്‍ഷം സൗജന്യ പരിശീലനം നല്‍കാനാണ് അക്കാദമി ലക്ഷ്യമിട്ടത്.
സി എച്ച് കുഞ്ഞമ്പു എം എല്‍ എ അക്കാദമി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കായിക ക്ഷമത കണ്ടെത്താനുള്ള പരിശീലനം നടത്തി. 10 ദിവസം പിന്നിട്ടപ്പോള്‍ 118 പേരായി. കായിക ക്ഷമത, സ്‌കില്‍, അച്ചടക്കം, കളിയോടുള്ള താല്പര്യം, ഹാജര്‍ നില എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 18 പെണ്‍ കുട്ടികള്‍ അടക്കം 108 പേരാണ് നിലവില്‍ പരിശീലന കളരിയിലുള്ളത്.
രാവിലെ 5.30 മുതല്‍ രണ്ട് മണിക്കൂറാണ്
ചിട്ടയായ പരിശീലനം. 3 ദിവസം ഉദുമ സ്‌കൂള്‍ ഗ്രൗണ്ടിലും 3 ദിവസം എരോല്‍ പാലസ് ഇന്‍ഡോര്‍ ഗ്രൗണ്ടിലുമാണ് മാറി മാറി പരിശീലനം തുടരുന്നത്. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ ആര്‍മി കബഡി താരവും പത്തിലേറെ തവണ ദേശീയ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഗിരീഷ് മുല്ലച്ചേരിയും ദേശീയ താരം ബാലകൃഷ്ണന്‍ കൊക്കാലും ആണ് പരിശീലകര്‍.
3 ലക്ഷം രൂപ വിലമതിക്കുന്ന കബഡി മാറ്റ് പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ഒരെണ്ണം കൂടി വേണമെന്നും
ഉദുമ കബഡി അക്കാദമിക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി നല്‍കണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കണ്‍വീനര്‍ പള്ളം നാരായണന്‍ പറഞ്ഞു.