കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതും സ്വകാര്യ ബസുകളും ടാക്‌സികളും നിരത്തിലിറങ്ങാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതിനൊപ്പം പലയിടങ്ങളിലും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തിയ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഡ്യൂട്ടിക്ക് ഹാജരാകാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പോലീസും വിവിധ സന്നദ്ധ സംഘടനകളും വാഹനങ്ങള്‍ ഏര്‍പ്പെടുത്തി പകരം സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ തുടരുന്നു എന്നത് വലിയ ആശ്വാസമാണ്. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി തടസ്സപ്പെട്ടു.