ഗ്രാമ ഹൃദയം തൊട്ട് ചൊട്ട പാലം; നാടിന്റെ വികസനത്തിനു ഇനി കുതിപ്പേറൂം

‘മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഇരിയണ്ണിയില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബസമേതം പുഴ കടന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ചൊട്ടയില്‍ താമസം ആരംഭിക്കുന്നത്. തുടക്കക്കാലത്ത് സ്വന്തമായി ഉണ്ടാക്കിയ കടത്തുവള്ളത്തില്‍ ആയിരുന്നു യാത്ര. നാട്ടിലൊരു ഹര്‍ത്താല്‍ വന്നാല്‍ കുണ്ടംകൂഴിന്ന് ഇരിയണ്ണി പോവാന്‍ ഉള്ളവര്‍ പുഴ കടക്കാന്‍ എന്നെ ആശ്രയിച്ചത്. തൂക്കുപാലത്തിനും നടപ്പാലത്തിനും വേണ്ടി കൊറേ അപേക്ഷ സമര്‍പ്പിച്ചു. കൊറേ നടന്നു. കാര്യമൊന്നും ഇണ്ടായിറ്റ. 2016ല്‍ കിഫ്ബി വന്നതോടെയാണ് ചൊട്ടക്കാരെ പാലം എന്ന സ്വപ്നം യഥാര്‍ഥ്യമാകുന്നെ. പാലത്തിന്റെ അടുത്തെല്ലാം ഇല്ലേ നാട്ടുകാര്‍ക്ക് കൊറച്ചു സ്ഥലമെല്ലാം വിട്ടുകൊടുക്കേണ്ടി വന്നീന നാടിനു വേണ്ടിയല്ലേ… നാടിന്റെ വികസനത്തിനു വേണ്ടിയല്ലേ.. സന്തോഷമേയുള്ളൂ. പല തടസങ്ങളും ഉണ്ടായിട്ടുണ്ട്. ജനിച്ച് വളര്‍ന്ന നാടിനോടും നാട്ടുക്കാരോടും സൗഹൃദം നിലനിര്‍ത്താന്‍ ഇപ്പോ നാട് ചുറ്റിപോകണ്ടല്ലോ എന്ന സന്തോഷമുണ്ട്.’

ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി ചൊട്ടയിലെ താമസക്കാരനായ മോഹന്‍ കുമാറിന്റെ വാക്കുകളാണിത്. രണ്ട് പഞ്ചായത്തുകളുടെ യാത്ര സ്വപ്നങ്ങള്‍ക്ക് പുതുവഴിയൊരുക്കുകയാണ് ചൊട്ട പാലം. പയസ്വിനിപ്പുഴയ്ക്ക് കുറുകെ മുളിയാര്‍, ബേഡഡുക്ക എന്നി രണ്ട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഏറെ നാളത്തെ നാട്ടുകാരുടെ കാത്തിരിപ്പിന്റെ കൂടി ഫലമാണ്. ചൊട്ട പാലം നിലവില്‍ വന്നതോടെ കുണ്ടംകുഴിയില്‍ നിന്ന് ഇരിയണ്ണിയിലേക്കുള്ള ദൂരം എട്ട് കിലോമീറ്ററിലേറെ കുറഞ്ഞു.

2023 മെയ് മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് പാലത്തിനു തറക്കല്ലിടുന്നത്. ആ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തികളും ആരംഭിച്ചു. രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ എല്ലാ പണികളും പൂര്‍ത്തികരിക്കാന്‍ സാധിച്ചു.കിഫ്ബി ഫണ്ടില്‍ അനുവദിച്ച 18.30 കോടി രൂപ ചെലവിലാണ് നിര്‍മാണം. 130 മീറ്റര്‍ നീളത്തിലു ള്ള പാലത്തിന് 5 സ്പാനുകളു ണ്ട്. 11 മീറ്ററാണ് വീതി. ഇതില്‍ ഏഴര മീറ്റര്‍ റോഡും ബാക്കി ഇരു വശങ്ങളിലും നടപ്പാതകളുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലും ഓരോ കിലോമീറ്റര്‍ അപ്രോച്ച് റോഡും നിര്‍മിച്ചു. കിലോമിറ്ററുകളോളം താണ്ടി കുറ്റിക്കോല്‍ വഴി ഇരിയണ്ണി പോകുന്നവര്‍ക്കും പൊയ്‌നാച്ചി വഴി കാസര്‍കോട് പോകുന്നവര്‍ക്കും വലിയ ആശ്വാസമാവുകയാണ് ചൊട്ട പാലം. ഒറ്റപ്പെട്ടു കിടന്ന ചൊട്ടയിലെ ജനങ്ങള്‍ക്ക് ഇരു പഞ്ചായത്തുകളിലേക്കും ഇനി യഥേഷ്ടം സഞ്ചരിക്കാനും പാലം വഴിയൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *