പാലക്കുന്ന് : ഗേറ്റ് അടഞ്ഞുകിടന്നാല്‍ യാത്രക്കാര്‍ക്ക് അപ്പുറം കടക്കാനാണ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന് കുറുകെ പതിറ്റാണ്ട് മുന്‍പ് റെയില്‍വേ നടപ്പാലം (എഫ് ഒ ബി 1191എ) നിര്‍മിച്ചത്. പക്ഷേ ഇപ്പോള്‍ അതിലൂടെയുള്ള യാത്ര ശ്രദ്ധിച്ചു വേണം. അല്ലെങ്കില്‍ താഴെ പാളത്തില്‍ വീഴാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കമ്പി വേലിയുടെ ഓരം ചേര്‍ന്ന് കൊച്ചുകുട്ടികളുമായി നടന്നു പോകുന്നവര്‍. നടപ്പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് പ്രത്യേക ചട്ടക്കൂട്ടില്‍ ഇരുമ്പു വല വിളക്കി ഇരുവശങ്ങളിലും സുരക്ഷ വേലി റെയില്‍വേ ഒരുക്കിയിട്ടുള്ളത്. ആ വേലിപ്പാളികളില്‍ ചിലതാണ് ഇപ്പോള്‍ ഇളകി യാത്രക്കാര്‍ക്ക് അപകട ഭീഷണിയായിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പ് കമ്പിവേലികള്‍ തുരുമ്പു കേറി പൊട്ടി പൊളിഞ്ഞപ്പോള്‍ നാട്ടുകാരുടെ മുന്നറിയിപ്പും പത്ര വാര്‍ത്തകളും വന്നപ്പോള്‍ റെയില്‍വേ യിലെ ബന്ധപ്പെട്ട വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം പണിയെടുത്ത് റിപ്പയര്‍ ചെയ്ത് കമ്പി വേലി പുനഃസ്ഥാപിച്ചിരുന്നു. അതിലെ ചില പാളികളാണ് ഇപ്പോള്‍ ഇളകി യിട്ടുള്ളത്. നേരിയ കെട്ടുകമ്പി കൊണ്ട് ഘടിപ്പിച്ചതിനാലാണ് അവ ഇളകിയ തെന്ന് വ്യക്തം.
ആ വിടവുകളാണ് കാല്‍നട യാത്രയ്ക്ക് ഇപ്പോള്‍ ഭീഷണിയായിട്ടുള്ളത്. പാളികള്‍ തന്നെ യാത്രക്കാരുടെ മേല്‍ വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 35 മീറ്ററോളം നീളവും 2.65 മീറ്ററോളം വീതിയിലും പണിത നടപ്പാലത്തിന്റെ കിഴക്ക്ഭാഗത്ത് സുരക്ഷ വേലി തീരെ ഇല്ലാത്തതും ഗുരുതരമായ ഭീഷണിയാണെന്ന് സ്ഥിരം യാത്ര ചെയ്യുന്നവര്‍ ആശങ്കപ്പെടുന്നുണ്ട്. വിടവിലൂടെ വീണു പോയാല്‍ നേരെ പാള ത്തിലായിരിക്കും പതിക്കുക. ഉയര്‍ന്ന പ്രസരണ ശേഷിയുള്ള വൈദ്യുത കമ്പികള്‍ തൊട്ടു താഴെക്കൂടി നടപ്പാലത്തിന് സമാന്തരമായി കടന്നു പോകുന്നുണ്ട്. പാലത്തിന്റെ സുരക്ഷാ പാളികളില്‍ ഇരു ഭാഗത്തും ഇത് സംബന്ധിച്ച ജാഗ്രത മുന്നറിയിപ്പ് ബോര്‍ഡുകള്‍ റെയില്‍വേയുടെ വകയുണ്ട്. വിവരങ്ങള്‍ സൂചിപ്പിക്കുന്ന ഫലകത്തില്‍ അവസാനമായി പരിശോധന നടത്തിയത് 2018ല്‍ ആണെന്നും അടുത്തത് 2023ല്‍ ആണെന്നും പൊതുജനങ്ങള്‍ക്ക് യാത്രാ യോഗ്യമാണെന്നും കുറിച്ചിട്ടുണ്ട്.
പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി അന്നത്തെ റെയില്‍വേ ഉപ മന്ത്രിയായിരുന്ന ഒ. രാജാഗോപാലന്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ പരാതിയിലാണ് പതിറ്റാണ്ട് മുന്‍പ് ഇവിടെ നടപ്പാലം നിര്‍മിച്ചത്. നിര്‍ദ്ദിഷ്ട മേല്‍പ്പാലം യഥാര്‍ഥ്യമായാല്‍ റെയില്‍വേ ഗേറ്റ് സ്ഥിരമായി അടക്കേണ്ടിവന്നാല്‍ അപ്പുറം കടക്കാന്‍ ജനങ്ങള്‍ക്കുള്ള ആശ്രയമായിരിക്കും ഈ നടപ്പാത.
സത്വര നടപടി വേണമെന്ന് സംഘടനകള്‍
പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ മേല്‍നടപ്പാതയിലെ സുരക്ഷവേലികളിലെ അപാകങ്ങള്‍ പരിഹരിച്ച് യാത്രക്കാരുടെ ആശങ്കകള്‍ അകറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കോട്ടിക്കുളം, പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കുന്ന് വ്യാപാരി സമിതി, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്, പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്, പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ് സംഘടനകള്‍ ആവശ്യപ്പെട്ടു.